ജില്ലാ ആശുപത്രികളിലെ ആംബുലന്‍സുകള്‍ ആദിവാസി മേഖലയില്‍ ലഭ്യമാക്കണം: മനുഷ്യാവകാശ കമ്മിഷന്
കല്‍പ്പറ്റ: ജില്ല ആശുപത്രിയിലെ ആംബുലന്‍സുകള്‍ ആദിവാസി മേഖലയില്‍ ആവശ്യമായി വന്നാല്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ആരോഗ്യ വകുപ്പ് സെക്രട്ടറി ഇത് സംബന്ധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിരമായി നല്‍കണമെന്നും കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
ആദിവാസി കോളനിയില്‍ മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ആമ്പുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. കോളനികളിലെ ദുര്‍ഘടമായ റോഡുകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ആംബുലന്‍സുകള്‍ ആദിവാസി മേഖലയില്‍ ലഭ്യമാക്കണം. അമ്മയും കുഞ്ഞും പദ്ധതി, സമഗ്ര പട്ടിക വര്‍ഗ ആരോഗ്യ പദ്ധതി എന്നിവയുടെ സഹായത്തോടെ എല്ലാ ആദിവാസികള്‍ക്കും സൗജന്യ ആംബുലന്‍സ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന് ആരോഗ്യ, പട്ടിക വര്‍ഗ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി.
മീനങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരുന്ന വര്‍ണാലി എന്ന യുവതിയുടെ മാസം തികയാതെ ആദിവാസി കോളനിയില്‍ പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ആംബുലന്‍സിനായി ജില്ല ആശുപത്രിയില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് പത്രറിപ്പോര്‍ട്ട്. എന്നാല്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ ആംബുലന്‍സുകള്‍ ആശുപത്രിയില്‍ കഴിയുന്ന രോഗികളെ കൊണ്ടുപോകുന്നതിനു പറുമെ ആദിവാസി മേഖലകളിലും ലഭ്യമാക്കണം.
അമ്മയും കുഞ്ഞും പദ്ധതി, സമഗ്ര ആരോഗ്യ പദ്ധതി എന്നീ പദ്ധതികളുടെ അടിസ്ഥാനത്തില്‍ വാഹന വാടക അടക്കം എല്ലാ ചെലവുകളും സര്‍ക്കാര്‍ നല്‍കും. സ്വകാര്യ ആംബുലന്‍സ് വിളിച്ചാല്‍ അതിന്റെ വാടകയും സര്‍ക്കാര്‍ നല്‍കും. ആദിവാസി മേഖലയില്‍ ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. ആദിവാസി മേഖലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രയോജനം അവര്‍ക്ക് ലഭിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."