കേന്ദ്ര സര്‍വകലാശാല: അടുക്കള പ്രശ്‌നം 'കത്തുന്നു'
പെരിയ: കേന്ദ്ര സര്‍വകലാശാല ഹോസ്റ്റല്‍ മെസ്സുകളിലെ 15 പാചകക്കാരെ ഒഴിവാക്കാനും പകരം പുറംകരാര്‍ നല്‍കാനുമുള്ള അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മൂന്നു ദിവസമായി നിരാഹാര സമരം നടത്തി വന്ന വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ഇതിനു പകരമായി മറ്റൊരു കൂട്ടം വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. നിരാഹാര സമരം നടത്തി വന്നിരുന്ന അര്‍ച്ചന, വിജയ്, സോനു പാപ്പച്ചന്‍, അക്ഷര എസ്. രാജ് എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തു നീക്കിയത്. ഇതേ തുടര്‍ന്നാണ് മറ്റൊരു കൂട്ടം വിദ്യാര്‍ഥികള്‍ നിരാഹാര സമരം തുടങ്ങിയത്.
അതിനിടെ വിദ്യാര്‍ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ഉപവാസ സമരം നടത്തിയ കെ.എസ്.യു ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും സമരത്തിനിടയില്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ ഉപരോധിച്ചു. ജീവനക്കാരെ ഒഴിവാക്കി പുറംകരാറുകാരെ ഏല്‍പ്പിക്കുമ്പോള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ഒരു വര്‍ഷം അയ്യായിരം രൂപ അധികമായി നല്‍കേണ്ടി വരുമെന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം തുടങ്ങിയത്.
അതേ സമയം മൂന്നു ഹോസ്റ്റല്‍ മെസ്സുകളിലായി 15 ജീവനക്കാര്‍ ജോലി ചെയ്യുന്നത് ഏതു വിധേനയും ഒഴിവാക്കി മെസ് ജോലികള്‍ പുറം കരാറി നല്‍കാനുള്ള തീരുമാനവുമായി മുമ്പോട്ടു പോവുകയാണ് സര്‍വകലാശാല അധികൃതര്‍. സര്‍വകലാശാലയില്‍ ഒട്ടനവധി ആളുകള്‍ കരാര്‍ ജോലി ചെയ്യുന്നുണ്ടെന്നും കരാര്‍ ജോലിക്കാരുടെ എണ്ണം അധികരിച്ചതു കൊണ്ട് മാനദണ്ഡങ്ങള്‍ക്കു വിധേയമായാണ് അടുക്കള ജോലിക്കാരെ അടുത്ത മാസം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നുമാണ് സര്‍വകലാശാല അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."