തോക്ക് നിയന്ത്രണം: അമേരിക്കയില്‍ പ്രതിഷേധക്കടലായി കൂറ്റന്‍ റാലി
വാഷിങ്ടണ്‍: തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ വന്‍ ജനകീയ പ്രക്ഷോഭം. അടുത്ത കാലത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തിനാണ് പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ നഗരങ്ങള്‍ സാക്ഷ്യം വഹിച്ചത്. രാജ്യത്തുടനീളം പതിനായിരങ്ങള്‍ പങ്കെടുത്ത നൂറുകണക്കിനു പ്രക്ഷോഭങ്ങള്‍ അരങ്ങേറി.
കഴിഞ്ഞ മാസം ഫ്‌ളോറിഡ സ്‌കൂളില്‍ നടന്ന കൂട്ടവെടിവയ്പ്പിനു പിറകെയാണ് രാജ്യത്ത് വീണ്ടും തോക്കുനിയന്ത്രണം ആവശ്യപ്പെട്ട് കാംപയിന്‍ ആരംഭിച്ചത്. 'മാര്‍ച്ച് ഫോര്‍ അവര്‍ ലിവ്‌സ് ' എന്ന പേരിലാണ് ഇന്നലെ വിവിധ അമേരിക്കന്‍ നഗരങ്ങളില്‍ വന്‍ റാലികള്‍ നടന്നത്. തോക്കുനിയന്ത്രണം ആവശ്യപ്പെട്ട് ആരംഭിച്ച 'നെവര്‍ എഗൈന്‍' അടക്കമുള്ള ജനകീയ പ്രസ്ഥാനങ്ങളാണ് റാലി സംഘടിപ്പിച്ചത്. അക്ഷരാര്‍ഥത്തില്‍ അമേരിക്കയെ പിടിച്ചുകുലുക്കുന്നതായിരുന്നു ഇവ.
അമേരിക്കയ്ക്കു പുറമെ ലണ്ടന്‍, പാരിസ്, മൗറിഷ്യസ്, ടോക്കിയോ, സ്റ്റോക്ക്‌ഹോം, സിഡ്‌നി, ജനീവ, ബെര്‍ലിന്‍ തുടങ്ങിയ ലോകനഗരങ്ങളിലും വിദ്യാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരും പൊതുജനങ്ങളും അണിനിരന്ന റാലികള്‍ നടന്നു.ഫ്‌ളോറിഡയിലെ മെജോരിറ്റി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പ് അതിജീവിച്ച എമ്മ ഗോള്‍സാലസ് എന്ന വിദ്യാര്‍ഥി വാഷിങ്ടണ്‍ ഡി.സില്‍ നടന്ന പ്രക്ഷോഭത്തെ അഭിസംബോധന ചെയ്തു. ഇവിടെ ഗോണ്‍സാലസ് നടത്തിയ വികാരതീവ്രമായ പ്രസംഗം ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 'എമ്മ, എമ്മ' വിളികളോടെയാണ് ജനക്കൂട്ടം അവരുടെ ഓരോ വാക്കുകളെയും സ്വീകരിച്ചത്.
മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ കൊച്ചുമകള്‍ യൊലാന്‍ഡ റെനീ കിങ്, വിവിധ സ്‌കൂള്‍ വെടിവയ്പ്പുകളില്‍നിന്നു രക്ഷപ്പെട്ടവര്‍ അടക്കം പ്രമുഖരും അല്ലാത്തവരും വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."