എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ഏപ്രില്‍ ആറുമുതല്‍; ഫലം മെയ് ആദ്യവാരം
മലപ്പുറം: ഈമാസം 28ന് എസ്.എസ്.എല്‍.സി പരീക്ഷ അവസാനിക്കാനിരിക്കെ പരീക്ഷാഭവനില്‍ മൂല്യനിര്‍ണയ നടപടി തുടങ്ങി. കുറ്റമറ്റ രീതിയില്‍ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം തന്നെ ഫലം പ്രസിദ്ധീകരിക്കത്തക്ക വിധത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.
നേരത്തെ ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളിലായി പരീക്ഷാമൂല്യനിര്‍ണയം സംബന്ധിച്ചുള്ള അന്തിമരൂപം കാണുന്നതിന് സ്‌കീം ഫൈനലൈസേഷന്‍ നടത്താനും തുടര്‍ന്ന് ഏപ്രില്‍ അഞ്ചുമുതല്‍ മൂല്യനിര്‍ണയ ക്യാംപ് തുടങ്ങാനുമായിരുന്നു പദ്ധതി.
ചില ട്രേഡ് യൂനിയന്‍ സംഘടനകള്‍ ഏപ്രില്‍ രണ്ടിന് പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം തിയതിയില്‍ മാറ്റം വരുത്തുകയായിരുന്നു. ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നതു സംബന്ധിച്ചും മാര്‍ക്ക് എങ്ങനെ നിര്‍ണയിക്കണമെന്നതു സംബന്ധിച്ചുമുള്ള നിര്‍ദേശം നല്‍കുന്നതിനുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാംപുകള്‍ മൂന്ന്, നാല് തിയതികളില്‍ നടക്കും.
ഏപ്രില്‍ ആറിനാണ് ഈ വര്‍ഷത്തെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം ആരംഭിക്കുക. 21 വരെ നീളുന്ന മൂല്യനിര്‍ണയ ക്യാംപ് ഒറ്റഘട്ടമായാണ് ഇത്തവണ നടക്കുന്നത്.
14 ദിവസമാണ് മൂല്യനിര്‍ണയത്തിനു മാത്രം മാറ്റിവച്ചിരിക്കുന്നത്. ഇതിനു നാലുമേഖലകളിലായി സംസ്ഥാനത്താകെ 54 മൂല്യനിര്‍ണയ ക്യാംപുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ അറബിക്, സംസ്‌കൃതം, ഉറുദു വിഷയങ്ങളുടെ മൂലന്യനിര്‍ണയത്തിന് എറണാകുളം, മലപ്പുറം ജില്ലകളില്‍ പ്രത്യേക കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. അധ്യാപകരുടെ കുറവു കാരണം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളുടെ മൂല്യനിര്‍ണയ ചുമതല എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്.
പഴയ സ്‌കീമില്‍ പരീക്ഷ എഴുതുന്ന കുട്ടികളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം തിരുവനന്തപുരം ചെളായി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് നടക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് മൂല്യനിര്‍ണയ സമയം. ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയുടെ പേപ്പറുകള്‍ ഒരാള്‍ ദിവസവും 36 വീതവും മറ്റുള്ളവ 24 വീതവുമാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. 21ന് അവസാനിപ്പിച്ച ശേഷം ഒരാഴ്ചക്കകം ഉത്തരക്കടലാസുകളുടെ ഏകീകരണ പ്രവൃത്തി നടക്കും.
ഏപ്രില്‍ 28നു ശേഷം ഫലം പ്രഖ്യാപിക്കാവുന്ന തരത്തിലാണ് ഇപ്പോഴത്തെ ക്രമീകരണം. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി മെയ് ആദ്യവാരം തന്നെ ഇത്തവണ ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് പരീക്ഷാ ഫലം വന്നത്. 4,41,103 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇതില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണ്. 2751 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."