പന്തില്‍ കൃത്രിമം; സ്റ്റീവന്‍ സ്മിത്ത് ഓസീസ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു
കേപ് ടൗണ്‍: ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് സ്റ്റീവന്‍ സ്മിത്തും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഡേവിഡ് വാര്‍ണറും രാജിവച്ചു. പന്തില്‍ കൃത്രിമം കാണിച്ച് മത്സരം അനുകൂലമാക്കാന്‍ ശ്രമിച്ച സംഭവം വിവാദമായതോടെയാണ് ഇരുവരുടെയും രാജി.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ക്രിക്കറ്റ് ലോകത്തെ നാണംകെടുത്തിയ സംഭവം അരങ്ങേറിയത്. വിഷയം വന്‍ വിവാദമായതോടെ ആസ്ത്രേലിയന്‍ സര്‍ക്കാര്‍ സ്മിത്തിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് താരം സ്ഥാനം ഒഴിയാന്‍ സന്നദ്ധനായത്. പിന്നാലെ ഐ.സി.സിയുടെ ശിക്ഷാനടപടിക്കും സ്മിത്തും പന്ത് ചുരണ്ടിയ ഓസീസ് ഓപണര്‍ കാമറോണ്‍ ബെന്‍ക്രോഫ്റ്റും വിധേയരായി. സ്മിത്തിന് ഒരു കളിയില്‍ വിലക്കും മാച്ച് ഫീസിന്റെ 100 ശതമാനം പിഴയുമാണ് ശിക്ഷ. ബെന്‍ക്രോഫ്റ്റിന് മാച്ച് ഫീസിന്റെ 75 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുമാണ് നേരിട്ടത്.
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്റെ 43ാം ഓവറിലാണ് പന്തിന്റെ ഘടന മാറ്റുന്നതിനായി മഞ്ഞ നിറത്തിലുള്ള സ്റ്റിക്കര്‍ ഉപയോഗിച്ച് ചുരണ്ടി കൃത്രിമത്വം വരുത്താന്‍ ബെന്‍ക്രോഫ്റ്റ് ശ്രമിച്ചത്. താരം പോക്കറ്റില്‍ നിന്ന് സ്റ്റിക്കര്‍ എടുക്കുന്നതും പന്തില്‍ വച്ചുരയ്ക്കുന്നതും ശേഷം തിരികെ സ്റ്റിക്കര്‍ പോക്കറ്റിലേക്ക് മാറ്റുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അമ്പയര്‍മാര്‍ ബെന്‍ക്രോഫ്റ്റിനോട് വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് വിഷയം വിവാദമായത്.
കളിയുടെ മാന്യത കളഞ്ഞുകുളിച്ച് രാജ്യത്തിനാകെ അപമാനമുണ്ടാക്കിയ ടീമിനെ വിമര്‍ശിച്ച് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബല്‍ രംഗത്തുവന്നതോടെ ഓസീസ് ടീം ഒന്നടങ്കം പ്രതിരോധത്തിലായി. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് സ്മിത്തിനെ പുറത്താക്കാന്‍ അദ്ദേഹം ക്രിക്കറ്റ് ആസ്ത്രേലിയക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."