സൈബീരിയയില്‍ ഷോപ്പിങ് മാളില്‍ വന്‍ അഗ്നിബാധ; 64 മരണം
മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ പ്രവിശ്യയായ സൈബീരിയയില്‍ ഷോപ്പിങ് മാളിലുണ്ടായ വന്‍ അഗ്നിബാധയില്‍ 64 മരണം. സൈബീരിയന്‍ നഗരമായ കെമേറോവോയിലെ 'വിന്റര്‍ ചെറി' എന്ന പേരിലുള്ള ഷോപ്പിങ് മാളിലാണു സംഭവം. ദുരന്തത്തില്‍ നിരവധി കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്.
സോവിയറ്റ് യൂനിയന്‍ തകര്‍ച്ചയ്ക്കു ശേഷം റഷ്യയിലുണ്ടായ ഏറ്റവും വലിയ അഗ്നിദുരന്തമാണ് സൈബീരിയയില്‍ നടന്നത്. നാലുനില കെട്ടിടത്തിന്റെ മുകള്‍നില പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കെട്ടിടത്തിലെ മള്‍ട്ടിപ്ലക്‌സ് തിയറ്ററിലും കുട്ടികളുടെ പ്ലേ ഏരിയയിലുമുണ്ടായവരാണു ദുരന്തത്തിനിരയായവരില്‍ ഏറെയും. തിയറ്ററിന്റെ മേല്‍ക്കൂര അപകടത്തില്‍ തകര്‍ന്നിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ച തീപിടിത്തം നിയന്ത്രണവിധേയമായതായി അടിയന്തര സഹായ വിഭാഗം അറിയിച്ചു.
നിയന്ത്രണവിധേയമാക്കിയ തീ വീണ്ടും ആളിക്കത്തിയതോടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. 11കാരനടക്കം 11 പേരെ കെട്ടിടത്തില്‍നിന്നു രക്ഷിച്ചു. സാരമായി പൊള്ളലേറ്റ ഇവരെ അടുത്തുള്ള ആശുപത്രികളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനകത്തു കുടുങ്ങിയവരെ രക്ഷിച്ചതായാണു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്.
വേണ്ടത്ര സജ്ജീകരണങ്ങളോ അപകടങ്ങള്‍ക്കെതിരായ മുന്‍കരുതലോ ഇല്ലാത്തതാണു ദുരന്തത്തിനിടയാക്കിയതെന്ന് റഷ്യന്‍ ചില്‍ഡ്രന്‍സ് കമ്മിഷണറല്‍ അന്നാ കുസ്‌നെത്‌സോവ ആരോപിച്ചു. മേഖലയിലെ പല ഷോപ്പിങ് മാളുകളുടെയും അവസ്ഥ ഇതുതന്നെയാണെന്നും കുസ്‌നെത്‌സോവ കൂട്ടിച്ചേര്‍ത്തു. മുന്‍പ് കേക്ക് നിര്‍മാണശാലയായിരുന്ന കെട്ടിടത്തിന് ഏതാനും വാതിലുകളും ജനലുകളും മാത്രമാണുണ്ടായിരുന്നത്. ഇതും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കാനിടയാക്കി. ഫയര്‍ എക്‌സിറ്റര്‍ പണിമുടക്കിയതിനാല്‍ കെട്ടിടത്തിന്റെ മുകള്‍നിലകളില്‍നിന്നു താഴേക്കു ചാടിയാണു പലരും പരുക്കുകളോടെ രക്ഷപ്പെട്ടത്.
അതിനിടെ, അപകടത്തെ കുറിച്ചു വിവരം ലഭിച്ചയുടന്‍ കെട്ടിടത്തിലെ സുരക്ഷാ-സാങ്കേതിക ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പു സംവിധാനം ഓഫ് ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്. 660 സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."