കേസ് കൊലപാതകം; ശിക്ഷ കോടതി പിരിയുംവരെ തടവ്
തലശ്ശേരി: സുഹൃത്ത് മരക്കഷ്ണം കൊണ്ടുള്ള അടിയേറ്റു മരിച്ച കേസിലെ പ്രതിക്ക് ശിക്ഷ കോടതി പിരിയും വരെ തടവ്. ഒപ്പം 20,000 രൂപ പിഴയും. പിഴ തുക ഒരു മാസം കൊണ്ട് അടച്ചാല്‍ മതി.
മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചുവെന്നാരോപിച്ച് കൂടെ ജോലി ചെയ്യുന്ന സുഹൃത്തായ തമിഴ്നാട് സ്വദേശി ചാള്‍സിനെ (40) മരക്കഷ്ണം കൊണ്ട് അടിച്ച കേസിലാണ് തമിഴ്നാട് സ്വദേശി ഷണ്മുഖം ആചാരി(57)യെ കോടതി പിരിയും വരെ ശിക്ഷിച്ചത്. തലശ്ശേരി പ്രിന്‍സിപ്പല്‍ അസി.സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തലക്കടിയേറ്റ ചാള്‍സ് പിന്നീട് ചികിത്സക്കിടെ മരിച്ചിരുന്നു.
ഇരുവരും കോടിയേരി കല്ലായി അങ്ങാടി ഈച്ചിയില്‍ താമസിക്കുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. 2010 ഒക്ടോബര്‍ 30ന് വൈകുന്നേരം അഞ്ചര മണിയോടെ പ്രതി ഷണ്മുഖം ആചാരി മാഹി റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്ന്് ചാള്‍സിനെ കാണുകയും പിന്നീട് സൗഹാര്‍ദപൂര്‍വം കൂട്ടിക്കൊണ്ട് വന്ന് മരത്തിന്റെ റീപ്പര്‍ കൊണ്ട് തലക്കടിക്കുകയുമായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നു. തലക്കടിയേറ്റ ചാള്‍സ് പിന്നീട് ചികിത്സക്കിടെ മരിച്ചതോടെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ഷണ്മുഖത്തിനെതിരേ തലശ്ശേരി പൊലിസ് കേസെടുക്കുകയായിരുന്നു. ഈ കേസില്‍ ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല.
ഷണ്മുഖം ആചാരിയുടെ പണവും മൊബൈല്‍ ഫോണും ചാള്‍സ് മോഷ്ടിച്ചെന്നാരോപിച്ച് തലക്കടിച്ചെന്നാണ് കേസ്. അറസ്റ്റിലായ ഷണ്മുഖം 63 ദിവസം റിമാന്‍ഡിലായി ജയിലില്‍ കഴിഞ്ഞിരുന്നു. തലക്കേറ്റ അടിയാണ് മരണത്തിന് കാരണമെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മരക്കഷണം കൊണ്ട് തലക്കടിച്ചതിന് 324ാം വകുപ്പു പ്രകാരമാണ് ശിക്ഷവിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."