ദേശീയപാതാ വികസനം: ഖബറും പള്ളിയും പൊളിച്ച് മാറ്റാനുളള നീക്കത്തിനെതിരേ പ്രതിഷേധം
കഠിനംകുളം: ഖബറും പള്ളിയും പൊളിച്ച് മാറ്റിക്കൊണ്ടുള്ള ദേശിയപാത വികസനത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ദേശിയ പാതയ്ക്കരികില്‍ സ്ഥിതി ചെയ്യുന്ന കഴക്കൂട്ടം മുസ്‌ലിം ജമാഅത്ത് മസ്ജിദിന് മുന്‍പിലുള്ള ഖബര്‍ ദേശിയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ച് മാറ്റാനായുള്ള അധികൃതരുടെ നീക്കത്തിനെതിരേയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജമാഅത്ത് അംഗങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മസ്ജിദിന് മുന്‍പിലെ ദേശിയ പാതക്കരികില്‍ നൂറ് കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ സംഘമം നടന്നു. നിലവിലെ ദേശിയപാത നാലുവരി പാതയാക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ പള്ളിയുടെ നല്ലൊരു ഭാഗവും പള്ളിക്ക് മുന്നിലുള്ള ഖബറും മുന്‍പിലുള്ള പള്ളിവക ഷോപ്പിങ് ക്ലോപ്ലക്‌സും പൊളിച്ച് മാറ്റുന്ന തരത്തിലുള്ള അലൈയ്‌മെന്റായിരുന്നു നാഷനല്‍ ഹൈവേ അതോരിറ്റി പുറപ്പെടുവിച്ചിരുന്നത്.
ഇതിനെതിരേ അന്ന് ജമാഅത്ത് അംഗങ്ങളും കമ്മിറ്റി ഭാരവാഹികളും വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും ഒരുമിക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു കുടാതെ സംസ്ഥാന-കേന്ദ്ര മന്ത്രിമാരെ നേരില്‍ കണ്ട് പരാതി നല്‍കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത് നടത്തിയ സര്‍വേയില്‍ ഖബറും പള്ളിയും പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടുള്ള അലൈന്‍മെന്റാണ് ബന്ധപെട്ടവര്‍ പുറത്ത് വിട്ടത്. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് നാഷനല്‍ ഹൈവേ വിഭാഗം പള്ളി അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ പള്ളിക്ക് മുന്നിലുള്ള ഖബര്‍ പൊളിച്ച് മാറ്റാതെയുള്ള ഒരു റോഡ് വികസനം സാധ്യമല്ലന്ന് കാണിച്ചിരിക്കുന്നതായാണ് മഹല്ല് ഭാരവാഹികള്‍ പറയുന്നത്.
1972ല്‍ നടന്ന ദേശിയ പാതയുടെ ആദ്യ വികസനത്തില്‍ ഭൂമി ഏറ്റെടുത്തത് പൂര്‍ണമായും പള്ളിക്ക് എതിര്‍വശത്ത് നിന്നുമായിരുന്നു. വീണ്ടും വികസനം വന്നപ്പോല്‍ ഇതേ ഭാഗത്ത് നിന്നുതന്നെ സ്ഥലമെടുക്കുന്നത് നീതിപൂര്‍വമല്ലെന്നും ഒരു വിഭാഗം പറയുന്നു.
സര്‍വിസ് റോഡ് ഉള്‍പ്പെടെ 45 മീറ്റര്‍ വീതിയിലാണ് ദേശിയപാത വികസനം വരുന്നത്. നിലവിലെ ദേശിയപാതയുടെ മധ്യത്തില്‍ നിന്നും 22.5 മീറ്റര്‍ കിഴക്ക് വശത്തും ഇതേ നീളത്തില്‍ പടിഞ്ഞാറ് വശത്തും നിന്നും ഭൂമി ഏറ്റെടുത്ത് വികസനം പൂര്‍ണതയിലെത്തിക്കണമെന്ന വാദവും നിലവിലുണ്ട്. ഇത് നടപ്പിലാക്കുന്ന പക്ഷം പള്ളിക്ക് മുന്നില്‍ സ്ഥിതിചെയ്യുന്ന ഖബര്‍ പൊളിച്ച് മാറ്റേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."