ചൂടിനെ നേരിടാന്‍ ശീതള പാനീയ വിപണി സജീവം: കുടിക്കും മുന്‍പ് ശ്രദ്ധ വേണം!
മലപ്പുറം: ചൂടു കനത്തതോടെ സജീവമായ ശീതള പാനീയ വിപണി യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസമാണെങ്കിലും കുടിക്കും മുന്‍പ് അല്‍പം ശ്രദ്ധിക്കണം. ഇത്തരം ഉല്‍പന്നങ്ങള്‍ ആകര്‍ഷിക്കുമെങ്കിലും വൃത്തിയും ഗുണനിലവാരവുമൊന്നും ആരും ചിന്തിക്കാറില്ല. വേനല്‍ക്കാലത്ത് ഏറ്റവുമധികം ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതും ഇത്തരം പാനീയക്കടകളില്‍നിന്നാണ്.
ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തെരുവോര കച്ചവടങ്ങളിലും കൂള്‍ബാറുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി.
വെള്ളം, ഐസ്, പാല്‍, തൈര് എന്നിവ നിശ്ചിത ഗുണനിലവാരമുള്ളതും സുരക്ഷിതവുമായിരിക്കണം.
പഴങ്ങള്‍, ഐസ്, പാല്‍, പഞ്ചസാര, നട്‌സ്, തൈര്, എസന്‍സ്, സിറപ്പ് തുടങ്ങിയവ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് രജിസ്‌ട്രേഷന്‍ ഉള്ള സ്ഥാപനങ്ങളില്‍നിന്നേ വാങ്ങാവൂ. ജലം ശേഖരിക്കുന്നതു ശുദ്ധമായ സ്രോതസില്‍നിന്നായിരിക്കണം. ഇത് ആറുമാസത്തിലൊരിക്കല്‍ അംഗീകൃത അനലിറ്റിക്കല്‍ ലാബുകളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സൂക്ഷിക്കണം.
ഭക്ഷ്യവസ്തുക്കള്‍ കൃത്യമായ അടപ്പോടുകൂടിയ ഫുഡ് ഗ്രേഡ് പാത്രങ്ങളില്‍ സൂക്ഷിക്കണം.
ഇവയില്‍ ഉപയോഗ കാലയളവ് രേഖപ്പെടുത്തണം. ജ്യൂസിനായി ഉപയോഗിക്കുന്ന പഴങ്ങള്‍ നന്നായി കഴുകി ഫ്രിഡ്ജില്‍ സൂക്ഷിക്കണം.
ശുദ്ധജലത്തില്‍ നിര്‍മിച്ച ഐസേ ഉപയോഗിക്കാവൂ. ഐസ് സൂക്ഷിക്കാന്‍ തെര്‍മോകോള്‍ ഉപയോഗിക്കരുത്. മുറിച്ച പഴങ്ങളും ജ്യൂസും അധികസമയം ഫ്രീസറില്‍ വയ്ക്കരുത്. നിബന്ധനകള്‍ പാലിക്കാത്ത കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."