കണ്ണാശുപത്രി; ബഹുനില മന്ദിരം പ്രവര്‍ത്തനസജ്ജമാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: റീജിയനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി (കണ്ണാശുപത്രി) യുടെ ഏഴുനില മന്ദിരം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി.
പുതിയ കെട്ടിടം അടിയന്തരമായി പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളായ പി.ഡബ്ലിയു.ഡി സ്‌പെഷ്യല്‍ ബിള്‍ഡിങ്‌സ്, പി.ഡബ്ലിയു.ഡി ഇലട്രിക്കല്‍, വാട്ടര്‍ അതോരിറ്റി, ഡോക്ടര്‍മാര്‍ എന്നിവരുടെ യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ് യോഗത്തില്‍ പങ്കെടുത്തു. കെട്ടിത്തിന്റെ പ്രവര്‍ത്തന പുരോഗതി മന്ത്രിയും സംഘവും നേരില്‍ക്കണ്ട് വിലയിരുത്തി.
മന്ദിരം പ്രവര്‍ത്തന സജ്ജമാക്കുന്നതിന് തടസമായ പ്രശ്‌നങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. മുന്‍പ് കെട്ടിടം മാത്രമാണ് പൂര്‍ത്തീകരിച്ചിരുന്നത്. ഇലട്രിക്കല്‍, പ്ലംബിങ്, സ്വീവേജ്, വാട്ടര്‍ കണക്ഷന്‍, ഫര്‍ണിച്ചര്‍, എ.സി മുതലായവ പൂര്‍ത്തീകരിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
സ്ഥലപരിമിതിയാല്‍ ഏറെ ബുദ്ധിമുട്ടുന്ന കണ്ണാശുപത്രിക്ക് പുതിയ കെട്ടിടം വലിയ അനുഗ്രഹമാകും.
ഏഴുനിലകളുള്ള മന്ദിരം പ്രവര്‍ത്തന സജ്ജമാകുന്നതോടെ റഫറല്‍ ഒ.പിയും പ്രധാനപ്പെട്ട സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും മാറ്റി സ്ഥാപിക്കും. ആധുനിക തീയറ്റര്‍ കോംപ്ലക്‌സ്, ലാബ് സമുച്ചയം, ഡേകെയര്‍ വാര്‍ഡ് എന്നിവയും ഇവിടെ സജ്ജീകരിക്കുന്നുണ്ട്. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നായി തിരുവനന്തപുരം ആര്‍.ഐ.ഒ മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."