കേരളം മിസോറമിനെതിരേ സന്തോഷ് ട്രോഫി സെമി ഫൈനല്‍ നാളെ കൊല്‍ക്കത്തയില്‍ നിന്ന്
കാല്‍പന്തുകളിയുടെ ദേശീയ കിരീടത്തിനായുള്ള പെരുങ്കളിയാട്ടത്തില്‍ സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ വടക്കുകിഴക്കന്‍മാരായ മിസോറം. 72-ാമത് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ കര്‍ണാടകയോട് തോറ്റാണ് മിസോറം പ്ലേ ഓഫില്‍ കേരളത്തെ നേരിടാന്‍ യോഗ്യത ഉറപ്പിച്ചത്. ഹെഡ് ടു ഹെഡ് സമ്പ്രദായത്തില്‍ സെമി പോരാട്ടത്തിനുള്ള ടീമിനെ സംഘാടകര്‍ നിശ്ചയിച്ചതോടെ ഗോള്‍ ശരാശരിയില്‍ മുന്നിലായ മിസോറം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി.
പരസ്പര മത്സരത്തിലെ വിജയമാണ് കര്‍ണാടകയെ ഗ്രൂപ്പ് ചാംപ്യന്‍മാരായി നിശ്ചയിച്ചത്. ടൂര്‍ണമെന്റ് തുടങ്ങും മുന്‍പ് ഹെഡ് ടു ഹെഡ് സമ്പ്രദായത്തിലാവും ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുകയെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. നാല് കളികള്‍ പൂര്‍ത്തിയാക്കിയ കര്‍ണാടകയും മിസോറമും പോയിന്റ് നിലയില്‍ തുല്യത പാലിച്ചതോടെയാണ് ഹെഡ് ടൂ ഹെഡ് സിസ്റ്റത്തില്‍ കര്‍ണാടകയെ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രഖ്യാപിച്ചത്.
ഗോള്‍ ശരാശരിയില്‍ മിസോറാമായിരുന്നു മുന്നില്‍. നാല് കളികളില്‍ നിന്നും 10 ഗോളുകള്‍ നേടിയ മിസോറാം മൂന്ന് ഗോള്‍ വഴങ്ങി. കര്‍ണാടകയാവട്ടെ നാല് കളികളില്‍ നിന്നും 8 ഗോള്‍ നേടിയപ്പോള്‍ നാല് എണ്ണമാണ് വഴങ്ങിയത്. നാല് കളികളില്‍ നിന്നും മൂന്ന് വിജയവും ഒരു തോല്‍വിയുമായാണ് കര്‍ണാടകയും മിസോറമും സെമി ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. അതിവേഗത കൊണ്ടു അമ്പരിപ്പിക്കുന്ന മിസോറം സെമി ഫൈനലില്‍ എതിരാളികളായി എത്താതിരിക്കാന്‍ കേരളം മോഹിച്ചിരുന്നു. സെമി പോരാട്ടത്തിന് ശക്തമായ ഗ്രൂപ്പില്‍ നിന്ന് കര്‍ണാടകയോ പഞ്ചാബോ ഗോവയോ ആവും എതിരാളികളെന്നാണ് കേരളം വിശ്വസിച്ചത്. സെമി ഫൈനലും അനായാസം കടക്കാമെന്ന കേരളത്തിന്റെ മോഹത്തിന് മിസോറം തോറ്റതോടെ തിരിച്ചടിയായി. പ്ലേ ഓഫില്‍ ആതിഥേയരായ ബംഗാളിന്റെ എതിരാളിയായി വരുന്നതിനെ മിസോറം ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് കര്‍ണാകയെ നേരിട്ട രീതി തെളിയിച്ചു.
സന്തോഷ് ട്രോഫി പോരാട്ടത്തില്‍ ആര്‍പ്പുവിളിച്ചു കൈയടിക്കാന്‍ എത്തുന്ന ആരാധകര്‍ക്കു മുന്നില്‍ സെമിയില്‍ ബംഗാളിനെ നേരിടുകയെന്നത് മിസോറം ഇഷ്ടപ്പെട്ടിരുന്നില്ല. മികച്ച പോരാട്ടങ്ങള്‍ നടത്തിയായിരുന്നു മിസോറം ഗ്രൂപ്പില്‍ ഒന്നാമതായി സെമി ഉറപ്പിച്ചത്. അവസാന പോരാട്ടത്തില്‍ കര്‍ണാടകെയ നേരിട്ടപ്പോള്‍ പഴയ വീറും വാശിയും ദൃശ്യമായില്ല. വിന്നിങ് ഇലവനെ അഴിച്ചു പണിതായിരുന്നു കര്‍ണാടകയെ നേരിടാന്‍ ഇറക്കിയത്. മിസോറാം എതിരാളിയായി എത്തുമ്പോഴും കേരള ക്യാംപ് ആവേശത്തില്‍ തന്നെയാണ്.
ഗ്രൂപ്പ് പോട്ടത്തില്‍ എതിരാളികള്‍ക്കു മേല്‍ ഗോള്‍ വര്‍ഷം നടത്തിയാണ് മുന്നോട്ട് കുതിച്ചത്. അതേശൈലിയില്‍ തന്നെ എതിരാളിയെ കീഴടക്കി ഫൈനലിലേക്ക് കുതിക്കാമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് പരിശീലകന്‍ സതീവന്‍ ബാലനും കുട്ടികളും. കേരളം മിസോറം സെമി ഫൈനല്‍ നാളെ ഉച്ചയ്ക്ക് 2.30 ന് മോഹന്‍ ബഗാന്‍ മൈതാനത്താണ്. ബംഗാള്‍ കര്‍ണാടക പോരാട്ടം അതേ സമയത്ത് തന്നെ ഹൗറ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."