റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം: വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനെന്ന് സൂചന
കിളിമാനൂര്‍: മുന്‍ റേഡിയോ ജോക്കി മടവൂരിലെ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലിസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കാറിലെത്തിയ സംഘം മടവൂര്‍ പടിഞ്ഞാറ്റേല ഐക്കരഴികം ആശാനിവാസില്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്റെ മകന്‍ രാജേഷി (35) നെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊല്ലം സ്വദേശിനിയായ വീട്ടമ്മയുമായി രാജേഷിന് ഉണ്ടായിരുന്ന അടുപ്പത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലിസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ചുമതലയുള്ള കിളിമാനൂര്‍ സി.ഐ പ്രദീപ് കുമാര്‍ പറഞ്ഞു.
അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പ്രതികളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പൊലിസ് തയാറായിട്ടില്ല. രാജേഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും വാട്‌സ്ആപ്പ് സന്ദേശങ്ങളും സൈബര്‍ സെല്‍ പരിശോധിച്ചുവരുകയാണ്. രാജേഷിനൊപ്പം വെട്ടേറ്റ സുഹൃത്ത് കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി കുട്ടനില്‍നിന്ന് പൊലിസ് മൊഴി എടുത്തു. കുട്ടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാര്‍, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അനില്‍കുമാര്‍, കിളിമാനൂര്‍ സി.ഐ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ആണ് അന്വേഷിക്കുന്നത്.
നാടന്‍ പാട്ടു കലാകാരനും സൗണ്ട് റിക്കാര്‍ഡിസ്റ്റും മടവൂരില്‍ രാജേഷ് മെട്രാസ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്ന സ്ഥാപനം നടത്തുന്നയാളുമാണ് രാജേഷ്. നേരത്തെ എഫ്.എം റേഡിയോ ജോക്കി ആയി ജോലി നോക്കിയിട്ടുണ്ട്. മടവൂരിലെ സ്വന്തം സ്ഥാപനത്തില്‍ വെച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്. രക്തം വാര്‍ന്നാണ് മരണം. വെട്ടേറ്റു കിടന്ന രാജേഷിനെ പൊലിസ് പാരിപ്പള്ളിയിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും യാത്രക്കിടെ മരിച്ചു. തിങ്കളാഴ്ച രാത്രിയില്‍ നാവായിക്കുളം മുല്ലനല്ലൂര്‍ നാഗരുകാവ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ രാജേഷിന് നാടന്‍ പാട്ടുണ്ടായിരുന്നു.
പരിപാടിക്കുശേഷം രണ്ടു ബൈക്കുകളിലാണു രാജേഷും കുട്ടനും മടവൂരില്‍ എത്തിയത്. ഗള്‍ഫിലുള്ള യുവതിയുമായി രാജേഷ് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണമെന്നു പൊലിസ് പറഞ്ഞു. ഈ സ്ത്രീ ഉടന്‍ നാട്ടിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹമാണു പൊലിസിനെ വിവരമറിയിച്ചത്.
പത്തു വര്‍ഷത്തോളം റെഡ് എഫ്.എം റേഡിയോ ജോക്കിയായിരുന്നു. കൊലപാതകത്തിന്റെ നടുക്കത്തില്‍ നിന്ന് മടവൂരും പരിസരവും മുക്തി നേടിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."