കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു
മണ്ണാര്‍ക്കാട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. മലപ്പുറം കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ മലപ്പുറം വള്ളുവമ്പ്രം സ്വദേശി ചെമ്പേക്കാട് അബൂബക്കറിനെയാണ് വാഹനം തടഞ്ഞിട്ട് മര്‍ദിച്ചത്. പരുക്കേറ്റ അബൂബക്കറെ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലും തുടര്‍ന്ന് വിഗ്ദധ ചികിത്സക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ മുണ്ടൂര്‍ പന്നിയംപാടത്താണ് സംഭവം. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെ.എസ്.ആര്.ടി.സി ബസ്. മുട്ടിക്കുളങ്ങരയില്‍ വച്ച് ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ എതിരേ വന്ന വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയി എന്നാരോപിച്ചാണ് ഒരു സംഘം ഡ്രൈവറെ മര്‍ദിച്ചത്.
എന്നാല്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും, വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നു പറഞ്ഞാണ് ഇവര്‍ മര്‍ദിച്ചതെന്നുമാണ് ഡ്രൈവറുടെ മൊഴി. ടാറ്റാ സുമോയില്‍ വന്നിറങ്ങിയ മൂന്നംഗസംഘം ബസില്‍ കയറി ഡ്രൈവറെ മര്ദിക്കുകയായിരുന്നുയ അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് അബൂബക്കര്‍ പൊലിസിന് നല്കിയ മൊഴിയില്‍ പറയുന്നു. യാത്രക്കാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ എലപ്പുള്ളി സ്വദേശികളായ ദിലീപ്, ദിനേഷ്, അനീഷ്കുമാര്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."