എസി ബസ് ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ
കൊച്ചി:എസി ബസ് ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി ബസ്.എറണാകുളം ആലങ്ങാട് സ്വദേശി അനീഷിനാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.മൂകാംബിക ക്ഷേത്രദര്‍ശനത്തിന് ശേഷം കൊല്ലൂരില്‍ നിന്ന് ആലുവയിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയാണ് കെഎസ്ആര്‍ടിസിയുടെ എസി മള്‍ട്ടി ആക്‌സില്‍ ബസ് അനീഷ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തത്.എന്നാൽ എസി ബസിന് പകരം നോണ്‍ എസി ബസില്‍ യാത്ര ഒരുക്കിയ കെഎസ്ആര്‍ടിസിക്കെതിരെ അനീഷ് നൽകിയ പരാതിയിൽ ഉപഭോക്തൃ കോടതി 55,000 രൂപ പിഴചുമത്തി. നോണ്‍ എസി ബസില്‍ 14 മണിക്കൂര്‍ ദുരിത യാത്ര നടത്തേണ്ടി വന്ന കുടുംബത്തിന് ടിക്കറ്റ് തുകയായ 4943 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്‍കാന്‍ കെഎസ്ആര്‍ടിസിയോട് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക കോടതി ഉത്തരവിട്ടു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നിലവാരമുള്ള സേവനം യഥാസമയം യാത്രക്കാര്‍ക്ക് ഉറപ്പുവരുത്താനുള്ള ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തണം. തുടര്‍ നടപടികള്‍ക്കായി സംസ്ഥാന ഗതാഗത സെക്രട്ടറിക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
2023 ഏപ്രില്‍ 30ന് ബസില്‍ കയറാനായി കൊല്ലൂരില്‍ നിന്ന് ബസ് പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് തന്നെ അനീഷും കുടുംബവും എത്തി. എന്നാല്‍ ഉച്ചയ്ക്ക് 2. 15 ന് പുറപ്പെടേണ്ട ബസ് വൈകിട്ട് അഞ്ചര മണിയായിട്ടും എത്തിയില്ല. അവസാനം ഒരു പഴയ നോണ്‍ എസി ബസ് ആണ് യാത്രയ്ക്കായി കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയത് നൽകിയത്.പതിനാലു മണിക്കൂര്‍ നീണ്ട ആ ദുരിത യാത്രമൂലം ശാരീരികവും മാനസികവുമായി തളര്‍ന്നുപോയ പരാതിക്കാരനും കുടുംബവും തൃശൂര്‍പൂരത്തിന്റെ ട്രാഫിക് തടസ്സം മൂലം പിന്നെയും വൈകി.
രാവിലെ പത്തിനാണ് യാത്രാ സംഘം ആലുവയില്‍ എത്തിയത്.എട്ടു മണിക്കൂര്‍ ആണ് യാത്രയ്ക്കായി കൂടുതല്‍ എടുത്തത്.'പൊതു ഗതാഗത സംവിധാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ നിയമപരമായി ചുമതലപ്പെട്ടവരുടെ കെടുകാര്യസ്ഥതയും ഉത്തരവാദിത്വമില്ലായ്മയുമാണ് ഈ സംഭവത്തിന് കാരണമെന്ന് കോടതി ഉത്തരവില്‍ ചൂണ്ടികാണിച്ചു.
'ഉന്നത നിലവാരമുള്ള എസി ബസിലെ യാത്രയ്ക്ക് പണം വാങ്ങിയശേഷം തകരാറിലായ പഴയ നോണ്‍ എസി ബസ് യാത്രക്കായി നല്‍കിയത് കെഎസ്ആര്‍ടിസി സേവനത്തിലെ ന്യൂനതയാണ്. ഇത്തരം പെരുമാറ്റത്തിലൂടെ വ്യക്തികളെ മാത്രല്ല ഈ സംവിധാനത്തിലുള്ള ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനാണ് ഉലച്ചില്‍ തട്ടിയതെന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍ ടിഎന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."