വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: വിസ വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് കണ്ണൂരില്‍ പിടിയില്‍. കോഴിക്കോട് ബാലുശ്ശേരി സ്വദേശി വാഴമാര്‍മലയില്‍ ഷിജു(30)വിനെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ അഴീക്കോട് സ്വദേശി തേജസിന്റെ പരാതിയിലാണ് അറസ്റ്റ്. മലേഷ്യയില്‍ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് തേജസിന്റെയും കൂട്ടുകാരുടേയും പക്കല്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്നാണ് പരാതി. ആദ്യം പാസ്‌പോര്‍ട്ടുകള്‍ കൈക്കലാക്കുന്ന ഷിജു പിന്നീട് വിസ സ്റ്റാമ്പിങ്, പാസ്‌പോര്‍ട്ട് അറ്റസ്റ്റേഷന്‍, മെഡിക്കല്‍ ചെക്കപ്പ് എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ പറഞ്ഞ് പതിനായിരം മുതല്‍ അരലക്ഷം രൂപവരെയാണ് ഓരോരുത്തരില്‍ നിന്നും വാങ്ങിയത്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് പണം നല്‍കിയവര്‍ തങ്ങള്‍ തട്ടിപ്പില്‍ കുടുങ്ങിയതായി മനസിലാക്കിയത്.
പിന്നീട് ഷിജുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ പലവിധ ഒഴിവുകള്‍ പറഞ്ഞ് തടിതപ്പുകയായിരുന്നു. ഒടുവില്‍ വിസ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് തേജസും കൂട്ടരും പരാതിയുമായി പൊലിസിനെ സമീപിച്ചത്. ഇന്നലെ വൈകിട്ട് സമാന തട്ടിപ്പിനായി ഷിജു കണ്ണൂരില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ പൊലിസ് പരാതിക്കാരെയും കൂട്ടി നഗരത്തില്‍ വലവിരിച്ച് പിടികൂടുകയായിരുന്നു. പൊലിസ് പിടികൂടുമ്പോള്‍ വ്യത്യസ്ത മേല്‍വിലാസങ്ങളിലായി സമ്പാദിച്ച പത്ത് പാസ്‌പോര്‍ട്ടുകള്‍ ഷിജുവിന്റെ പക്കലുണ്ടായിരുന്നു. എന്നാല്‍ പണമോ മറ്റ് രേഖകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവിവാഹിതനായ ഷിജു ഇതുവരെ വിദേശത്ത് പോയിട്ടില്ലെന്ന് പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."