സര്‍ക്കാര്‍വക തട്ടിപ്പ്; സാമ്പത്തിക പ്രതിസന്ധി ട്രഷറി സ്തംഭനം ഒഴിവാക്കാന്‍
തിരുവനന്തപുരം: പണമില്ലാതെ കടക്കെണിയിലായ സര്‍ക്കാര്‍ ട്രഷറി സ്തംഭനം ഒഴിവാക്കാന്‍ സോഫ്റ്റ്‌വെയറില്‍ തിരിമറി നടത്തി. സാമ്പത്തിക വര്‍ഷാവസാന ദിവസം ട്രഷറി പൂട്ടേണ്ട അവസ്ഥ വരുമെന്ന് ഭയന്നാണ് സോഫ്റ്റ്‌വെയറില്‍ തിരിമറി നടത്തിയത്. സാമ്പത്തിക വര്‍ഷാവസാനമായ നാളെ ഏതാണ്ട് 6,800 കോടി രൂപയാണ് ബില്ലുകളും ക്ഷേമപെന്‍ഷനുകളും നല്‍കാനായി വേണ്ടത്. ഇതില്‍ 4,000 കോടി വരെ സമാഹരിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ബാക്കി 2,800 കോടി അടുത്തമാസം നല്‍കാനും മാര്‍ച്ചിലെ ശമ്പളവും പെന്‍ഷനും ബെവ്‌കോ, കെ.എസ്.എഫ്.ഇ എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്ത് നല്‍കാനും തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് 28ന് വൈകിട്ട് അഞ്ചുവരെ ബില്ലുകള്‍ നല്‍കണമെന്നും അടുത്തമാസം പണം നല്‍കാമെന്നുമായിരുന്നു തീരുമാനം.
ഓരോ വകുപ്പുകളും പാസാക്കാനുള്ള ബില്ലുകള്‍ അയക്കുന്ന 'സംഖ്യ' എന്ന സോഫ്റ്റ്‌വെയറിലാണ് തിരിമറി നടത്തിയത്. കഴിഞ്ഞ 23ന് ശേഷമാണ് തിരിമറി നടത്തിയത്. വകുപ്പുകളിലെ ബില്ലിങ് സൂപ്രണ്ടുമാര്‍ക്ക് ബില്ലുകള്‍ അയക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുകയായിരുന്നു. ജില്ലാ ഐ.ടി മിഷനുകളുമായി ബന്ധപ്പെടുമ്പോള്‍ സോഫ്റ്റ്‌വെയര്‍ ശരിയാക്കുകയും പിന്നീട് വീണ്ടും തകരാറിലാക്കുകയുമായിരുന്നു. ബില്ലുകള്‍ പാസായി കഴിഞ്ഞുവെന്ന തെറ്റായ സന്ദേശവും ലഭിക്കും. എന്നാല്‍, ബില്ലുകള്‍ അയക്കാന്‍ കഴിഞ്ഞിരുന്നില്ല. ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം സോഫ്റ്റ്‌വെയര്‍ തകരാറിലാക്കിയതാണെന്നാണ് ഐ.ടി ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൂടാതെ പത്തുലക്ഷത്തില്‍ അധികംവരുന്ന ബില്ലുകള്‍ ട്രഷറികളില്‍ നിന്ന് പാസാക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. അടുത്തമാസം പണം നല്‍കാമെന്നായിരുന്നു തീരുമാനം. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പത്തുലക്ഷം രൂപയുടെ ബില്ലുകള്‍ പോലും ട്രഷറിയില്‍ സ്വീകരിച്ചില്ല. കേന്ദ്രം നല്‍കിയ പദ്ധതി പണവും തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടുകളും വഴിമാറ്റി ചെലവാക്കിയതിനാല്‍ അതുമായി ബന്ധപ്പെട്ട ബില്ലുകളും ട്രഷറികളില്‍ സ്വീകരിച്ചില്ല.
ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ ഒരു കോടിയിലേറെ രൂപയുണ്ടെങ്കില്‍ തിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 30നകം ചെലവാക്കാത്ത തുകയാണ് തിരിച്ചെടുക്കുക. ഇന്നുതന്നെ ഫണ്ട് തിരിച്ചെടുക്കാനാണ് നിര്‍ദേശം.ഇതുവഴി 6021 കോടി രൂപ പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്. തുക ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് വിശദീകരണം. മറ്റു വകുപ്പുകളില്‍ നിന്ന് ട്രഷറിയിലേക്ക് മാറ്റുന്ന ഫണ്ട് തിരികെവേണമെങ്കില്‍ അടുത്തമാസം മുതല്‍ നല്‍കാമെന്നാണ് ധനവകുപ്പ് നല്‍കുന്ന മറുപടി.
മറ്റു വകുപ്പുകളില്‍ നിന്ന് കൊണ്ടുവരുന്ന 6,021 കോടിയില്‍ 2,000 കോടി മുടങ്ങിക്കിടക്കുന്ന അഞ്ചുമാസത്തെ ക്ഷേമപെന്‍ഷനുകള്‍ നല്‍കാനും മാര്‍ച്ച് മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാനും വിനിയോഗിക്കും. അപ്പോഴും കരാറുകാരുടെ ബില്ലില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നില്ല. വര്‍ഷാവസാനം കടുത്ത പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ധന മന്ത്രി തോമസ് ഐസക് സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലാണ്. സര്‍ക്കാരിന്റെ പാഴ്‌ച്ചെലവും ധൂര്‍ത്തുമാണ് ട്രഷറി സ്തംഭനത്തിന് കാരണമെന്നാണ് ആരോപണം.
ചെലവഴിക്കാതെ 6,000 കോടി
തിരുവനന്തപുരം: തിങ്കളാഴ്ച വരെയുള്ള കണക്കുപ്രകാരം 26,500 കോടിയുടെ വാര്‍ഷിക പദ്ധതിയില്‍ 19,573 കോടി മാത്രമാണ് വിവിധ വകുപ്പുകള്‍ ചെലവഴിച്ചത് (73.86 ശതമാനം).
6000 കോടി ചെലവഴിക്കാതെ കിടക്കുകയാണ്. 8,038.95 കോടിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 58.54 ശതമാനം വിനിയോഗിച്ചു.
ഇതുവരെ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചത് തദ്ദേശ വകുപ്പാണ് (181.74 ശതമാനം). തൊട്ടുപിന്നില്‍ പൊതുമരാമത്ത് വകുപ്പും (123.45 ശതമാനം) ഗതാഗത വകുപ്പുമുണ്ട് (108.80 ശതമാനം).
നികുതി വകുപ്പ് 17 ശതമാനം മാത്രമാണ് ചെലവാക്കിയത്. റവന്യൂ- 39, ശാസ്ത്ര സാങ്കേതികം- 29.91, തുറമുഖം- 45.10, ഭവനം- 14.80, ആസൂത്രണം- 37.41, ആഭ്യന്തരം, വിജിലന്‍സ്- 44, ഉന്നത വിദ്യാഭ്യാസം- 39.40, പൊതുവിദ്യാഭ്യാസം- 46.14, പരിസ്ഥിതി- 47.12, ഐ.ടി- 37.84, സഹകരണം- 47.22 എന്നിങ്ങനെയാണ് മറ്റ് വകുപ്പുകള്‍ വിനിയോഗിച്ചത്.
പദ്ധതി നിര്‍വഹണത്തിലും വീഴ്ച
തിരുവനന്തപുരം: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിചെലവ് എങ്ങുമെത്തിയില്ല.
കോര്‍പറേഷനുകളും ജില്ലാ പഞ്ചായത്തുകളും പദ്ധതിതുകയുടെ 75 ശതമാനംപോലും ചെലവഴിച്ചിട്ടില്ല. മുനിസിപ്പാലിറ്റികള്‍ 69 ശതമാനം തുക ചെലവഴിച്ചപ്പോള്‍ ഗ്രാമപഞ്ചായത്തുകള്‍ 79 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 76 ശതമാനവുമാണ് ചെലവഴിച്ചത്.
ഇതിനുപുറമേ ട്രഷറികളില്‍ കോടിക്കണക്കിനു രൂപയുടെ ബില്ലുകള്‍ കെട്ടിക്കിടക്കുകയുമാണ്.
ജനറല്‍ വിഭാഗത്തിനായി വകയിരുത്തിയതിന്റെ 71 ശതമാനം മാത്രമാണ് ചെലവഴിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് വിനിയോഗത്തിലും കുറവുണ്ട്.
കോര്‍പറേഷനുകളില്‍ തിരുവനന്തപുരവും കോഴിക്കോടുമാണ് പിന്നില്‍. തിരുവനന്തപുരം കോര്‍പറേഷന്‍ 255.71 കോടിയുടെ ബജറ്റില്‍ 152.91 കോടി മാത്രമാണ് ചെലവഴിച്ചത്.
41 ശതമാനം തുക പാഴാകുന്ന അവസ്ഥയാണുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയാണ് ഏറ്റവും പിന്നില്‍. 18.82 ശതമാനം തുക മാത്രമാണ് ഇവിടെ ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."