ആവശ്യത്തിന് ജീവനക്കാരില്ല; തലസ്ഥാനത്തെ 26 വില്ലേജ് ഓഫിസുകള്‍ പ്രതിസന്ധിയില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് തലസ്ഥാന ജില്ലയിലെ 26 വില്ലേജ് ഓഫിസുകളെ പ്രതിസന്ധിയിലാക്കുന്നു.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്കുകളിലായുള്ള വില്ലേജ് ഓഫിസുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ജനങ്ങള്‍ക്ക് സേവനങ്ങള്‍ കൃത്യമായ സമയത്ത് ലഭിക്കാത്ത സ്ഥിതിയാണ്. തിരുവനന്തപുരം താലൂക്കിലെ കടകംപള്ളി, പേരൂര്‍ക്കട വില്ലേജ് ഓഫിസുകളെ കുറിച്ച് വ്യാപക പരാതിയും ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് ജീവനക്കാരുടെ കുറവ് മൂലം അമിത ജോലിഭാരമുള്ള വില്ലേജ് ഓഫിസുകളെ സംബന്ധിച്ച് ഭരണ പരിഷ്‌കാര വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്തെ 140 വില്ലേജ് ഓഫിസുകളായിരുന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടത്. ജില്ലയിലെ 26 വില്ലേജ് ഓഫിസുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മെച്ചപ്പെട്ട സേവനം ലഭ്യമാകാത്തതിനാല്‍ ഈ വില്ലേജ് ഓഫിസുകളിലെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം വില്ലേജാഫിസറിനു പുറമെ രണ്ട് വില്ലേജ് അസിസ്റ്റന്റും രണ്ട് ഫീല്‍ഡ് അസിസ്റ്റന്റും ഒരു പാര്‍ടൈം സ്വീപ്പറുമാണുള്ളത്. ഈ സ്ഥിതിയില്‍ മാറ്റം വന്നാല്‍ മാത്രമേ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് സാധിക്കുവെന്ന് ജീവനക്കാര്‍ പറയുന്നു.
വില്ലേജ് ഓഫിസുകളില്‍ റവന്യു സംബന്ധമായ ഇരുപതോളം സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്. ഉദ്യോഗാവശ്യത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വരുമാന, ജാതി സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസുകളെ സമീപിക്കുമ്പോള്‍ സമയപരിധിക്കകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഭരണ പരിഷ്‌കാര വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ അഭിപ്രായം അറിയിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതു കൂടി ലഭിച്ച ശേഷം സ്റ്റാഫ് പാറ്റേണില്‍ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."