തുടരുന്ന സര്‍ക്കാര്‍ ചോര്‍ച്ചകള്‍
വാചകമടിയല്ലാതെ കാര്യക്ഷമവും ജനോപകാരപ്രദവുമായ ഒരു ഭരണം നല്‍കാന്‍ ബി.ജെ.പി സര്‍ക്കാരിനാവില്ലെന്ന് പലരീതിയില്‍ പലവട്ടം അവര്‍ തെളിയിച്ചുകഴിഞ്ഞു. അതില്‍ ഏറ്റവുമവസാനത്തേതാണ് സി.ബി.എസ്.ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കഡറി എജ്യുക്കേഷന്‍) പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച.
വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതും, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ചോര്‍ന്നതും ഈ സര്‍ക്കാരിന്റെ കഴിവുകേടായിത്തീര്‍ന്നിരിക്കുമ്പോഴാണ് സി.ബി.എസ്.ഇ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും പുറത്ത് വന്നിരിക്കുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയാണ് ഇതിലൂടെ സി.ബി.എസ്.ഇ പന്താടിയിരിക്കുന്നത്.
16,38,552 വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. 11,86,144 വിദ്യാര്‍ഥികള്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും എഴുതി. അതാണിപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പത്താം ക്ലാസ് കുട്ടികള്‍ക്ക് അവധി നിഷേധിക്കുന്നതോടൊപ്പം പന്ത്രണ്ടാം ക്ലാസിലെ കുട്ടികളുടെ തുടര്‍പഠന സാധ്യതകളുമാണ് സി.ബി.എസ്.ഇ തകര്‍ത്തിരിക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷക്ക് തയാറാകാനുള്ള അവസരം ഇത് വഴി പന്ത്രണ്ടാം ക്ലാസിലെ കുട്ടികള്‍ക്ക് നഷ്ടപ്പെടും. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെയും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷയുടെയും ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിന് പുറമെ മറ്റു പരീക്ഷകളുടെയും ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്.
കഴിഞ്ഞ ബുധനാഴ്ച നടന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ചൊവ്വാഴ്ച തന്നെ സി.ബി.എസ്.ഇ അധികൃതര്‍ക്ക് വിവരം ലഭിച്ചതാണ്. എന്നാല്‍ അത് മൂടിവച്ച് പരീക്ഷ നടത്തിയത് എന്ത് താല്‍പര്യത്തിലാണ്. പരീക്ഷ കഴിഞ്ഞ ഉടനെ അത് റദ്ദാക്കുകയും ചെയ്തു. ഇത് സംബന്ധിച്ച പൊലിസ് അന്വേഷണം മുന്നോട്ട് പോയതുമില്ല. ചോര്‍ച്ചയുടെ സൂത്രധാരന്‍ എന്നാരോപിച്ച് രജീന്ദര്‍ നഗര്‍ വിദ്യാ കോച്ചിങ് സെന്റര്‍ ഉടമ വിക്കിവാദ്വയെ പൊലിസ് കസ്റ്റഡിയിലെടുത്തത്‌കൊണ്ട് സത്യം പുറത്ത് വരണമെന്നില്ല. ഒരു കോച്ചിങ് സെന്റര്‍ ഉടമക്ക് കഴിയുന്നതല്ല നിരവധി സുരക്ഷാ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തല്‍. ഉന്നതരായ ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഒരു ട്യൂഷന്‍ സെന്റര്‍ ഉടമക്ക് മാത്രം കഴിയുന്നതല്ല ഇത്തരം പ്രവര്‍ത്തനം. അതിനാല്‍തന്നെ ഇപ്പോള്‍ കണ്ടെത്തിയത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടികളാണ് ഇതിലൂടെ മറിയുന്നതെന്നുമുള്ള വാര്‍ത്തകള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നാലെ പുറത്ത് വന്നിരിക്കുകയാണ്.
അഭിമാനാര്‍ഹമായ പാരമ്പര്യവും വിശ്വസ്തതയുടെ പര്യായവുമായ സി.ബി.എസ്.ഇ ആ വിശ്വാസ്യതയാണിപ്പോള്‍ കളഞ്ഞു കുളിച്ചിരിക്കുന്നത്. 33 രാജ്യങ്ങളില്‍ പടര്‍ന്ന് കിടക്കുന്ന സി.ബി.എസ്.ഇ അതിന്റെ സല്‍പ്പേര് ഏതാനും ചിലരുടെ ധന മോഹത്താല്‍ എത്ര പെട്ടെന്നാണ് തകര്‍ത്തെറിഞ്ഞത്. ഏതാനും വിദ്യാര്‍ഥികളെയും ട്യൂഷന്‍ സെന്റര്‍ ഉടമയെയും പ്രതികളാക്കി അവസാനിപ്പിക്കേണ്ടതല്ല ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസ്.
കുട്ടികള്‍ പത്താം ക്ലാസിലേക്ക് എത്തുന്നതോടെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആധിയേറുകയായി. പത്താം ക്ലാസ് കടമ്പയുടെ പ്രാധാന്യത്തെപറ്റി കുട്ടികളോട് ഇടക്കിടെ രക്ഷിതാക്കള്‍ ബോധനം നടത്തി അവരുടെ സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ മാനസിക പിരിമുറുക്കം പരീക്ഷ കഴിയുന്നതോടെയാണ് വിട്ടൊഴിയുന്നത്. വിട്ടൊഴിഞ്ഞ ആത്മ സംഘര്‍ഷം വീണ്ടും കുട്ടികളുടെമേല്‍ അടിച്ചേല്‍പിക്കുകയാണ് വീണ്ടും നടത്തുന്ന പരീക്ഷകളിലൂടെ സി.ബി.എസ്.ഇ. പ്രവാസികളായ കുടുംബങ്ങള്‍ കുട്ടികളുടെ പരീക്ഷ കഴിഞ്ഞ് നാട്ടില്‍ പോകാനിരുന്നതും ഇതോടെ ഇല്ലാതായി. കഴിഞ്ഞ വര്‍ഷം വരെ 35 ശതമാനം മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ മതിയായിരുന്നു. ഈ വര്‍ഷം മുതല്‍ അത് നൂറ് ശതമാനമാക്കി. ഇതും വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം ഏറ്റി. നേരത്തെ നടന്ന സോണല്‍ സമ്പ്രദായം ഒഴിവാക്കി സെന്‍ട്രല്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതും പരീക്ഷയെ ബാലികേറാമലയാക്കിയിരിക്കുകയാണ്.
സംശുദ്ധമായും കാര്യക്ഷമതയോടെയും നടത്തപ്പെടേണ്ട എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യതയും കെട്ടുറപ്പും തകര്‍ക്കുംവഴി ജനാധിപത്യ ഭരണ സമ്പ്രദായത്തെ തന്നെയാണ് ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."