വനിതാ ക്രിക്കറ്റിന് വയനാട്ടില്‍ നിന്നൊരു സെലക്ടര്‍
കല്‍പ്പറ്റ: തൊട്ടതെല്ലാം പൊന്നാക്കി കേരളത്തിന്റെ വനിതാ ക്രിക്കറ്റ് ടീം മികവില്‍ നിന്ന് മികവിലേക്ക് കുതിക്കുമ്പോള്‍ ടീമിലെ വയനാടന്‍ സാന്നിധ്യങ്ങള്‍ക്കൊപ്പം എടുത്തു പറയേണ്ട വ്യക്തിത്വമാണ് ആദ്യമായി വനിതാ ക്രിക്കറ്റില്‍ വയനാടിന്റെ സാനിധ്യമറിയിച്ച അനുമോള്‍ ബേബിയെന്ന വലംകൈയന്‍ ഓള്‍റൗണ്ടറെ. അന്ന് കളത്തിലിറങ്ങി കേരളത്തെ കൈപിടിച്ച് നടത്തിയ അനുമോള്‍ ഇന്ന് തിളങ്ങുന്നത് കേരളത്തിന്റെ സെലക്ടര്‍ എന്ന നിലയിലാണ്.
കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിയിലെ ആറുപേരില്‍ ഒരാളാണ് കൃഷിവകുപ്പിന്റെ മാനന്തവാടിയിലുള്ള മണ്ണ് പരിശോധനാ കേന്ദ്രത്തിലെ ജീവനക്കാരി കൂടിയായ അനുമോള്‍.
2004ല്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ പിച്ചിലേക്കിറങ്ങിയ അനുമോള്‍ തുടര്‍ച്ചയായി ഏഴു വര്‍ഷം കേരള വനിതാ ടീമിലെ സജീവ സാന്നിധ്യമായിരുന്നു. മധ്യനിരയില്‍ ബാറ്റിങിനിറങ്ങിയ അനുമോള്‍ സീനിയര്‍ ടീമിനായി അര്‍ധശതകമുള്‍പ്പെടെ റണ്ണുകള്‍ വാരിക്കൂട്ടി. തന്റെ മീഡിയം പേസ് കൊണ്ട് എതിരാളികളുടെ വിക്കറ്റുകള്‍ പിഴുതെറിഞ്ഞും ടീമിന്റെ നെടുംതൂണാവാന്‍ അനുമോള്‍ക്ക് കഴിഞ്ഞു.
ടി20 ടീമിന്റെ കേരള ക്യാപ്റ്റനായും അനുമോള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അണ്ടര്‍-19, സീനിയര്‍ കേരള ടീമില്‍ നിറസാന്നിധ്യമായിരുന്ന അനുമോള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയെ ആദ്യമായി ഓള്‍ ഇന്ത്യ ഇന്റര്‍യൂനിവേഴ്‌സിറ്റി ചാംപ്യന്‍മാരാക്കിയ നായിക കൂടിയാണ്. തുടര്‍ച്ചയായി ആറുവര്‍ഷം യൂനിവേഴ്‌സിറ്റിക്കായി പാഡണിഞ്ഞ അനുമോള്‍ പിന്നീട് വയനാട് ക്രിക്കറ്റ് ടീമിന്റെ കോച്ചായും തിളങ്ങി. വയനാട്ടില്‍ വനിതാ ക്രിക്കറ്റിന് വേരോട്ടമുണ്ടാക്കിയതോടൊപ്പം തുടര്‍ച്ചയായി നോര്‍ത്ത്‌സോണ്‍ മത്സരങ്ങളില്‍ ടീമിനെ ചാംപ്യന്‍പട്ടം അണിയിക്കാനും അനുമോളുടെ കോച്ചിങിനായി. തുടര്‍ന്നാണ് കേരള ടീമിന്റെ സെലഷന്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് കമ്മിറ്റിയുടെ അഞ്ചാം വര്‍ഷമാണ്. അപ്പോഴേക്കും താനടക്കമുള്ളവര്‍ തെരഞ്ഞെടുത്ത് വിട്ട കേരളത്തിന്റെ വനിതാ ടീം മികച്ച പ്രകടനം നടത്തുന്നത് തന്റെ ജോലി സത്യസന്ധമായി ചെയ്യാന്‍ സാധിച്ചതിന്റെ ഫലമായാണ് കാണുന്നതെന്നാണ് അനുമോള്‍ പറയുന്നത്. ഇടുക്കിയില്‍ ക്രിക്കറ്റ് അക്കാദമി നടത്തിയതിന്റെ പിന്‍ബലത്തിലാണ് കൃഷ്ണഗിരിയിലെ ക്രിക്കറ്റ് അക്കാദമിയിലേക്ക് അനുമോള്‍ എത്തിയത്.
തുടര്‍ന്ന് വയനാടിന്റെ കോച്ചായും ഇപ്പോള്‍ കേരള ടീമിന്റെ സെലക്ടറായും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രീസില്‍ നടത്തിയ പ്രകടനത്തിന്റെ നേര്‍പ്പതിപ്പ് ക്രീസിന് പുറത്തും കാണിക്കുകയാണ് അനുമോള്‍. മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ നിന്നും വിരമിച്ച കായികാധ്യാപിക എല്‍സമ്മ ടീച്ചറുടേയും തൊണ്ടര്‍നാട് പാലേരി സ്‌കൂളില്‍ നിന്നും വിരമിച്ച കായികാധ്യാപകന്‍ ബേബി ജോണിന്റെയും മകളാണ് അനുമോള്‍. ആര്‍മി ഉദ്യോഗസ്ഥനായ കോട്ടയംകാരന്‍ ബിജുമോന്‍ തോമസാണ് ഭര്‍ത്താവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."