മഹാത്മാവിന്റെ ആശ്രമത്തില്‍
കണ്ണിലൂടെ കാണുന്ന കെട്ടുകാഴ്ചകള്‍ക്കും കാതിലൂടെ കയറിയിറങ്ങിപ്പോവുന്ന കേവല കേള്‍വികള്‍ക്കുമപ്പുറത്ത് സാകൂതം ആത്മാവ് തുറന്നുപിടിച്ചാണ് ഗാന്ധിയിലേക്കു സഞ്ചരിക്കേണ്ടത്. എല്ലാ മനുഷ്യരിലും സര്‍വാത്മനാ കുടികൊള്ളുന്ന നന്മയുടെ ശകലങ്ങളില്‍ കാലമേല്‍പിച്ച പൊടിപടലങ്ങളെ കുറച്ചു നേരത്തേക്കെങ്കിലും തുടച്ചുമിനുക്കിയെടുക്കാന്‍ ഇത്തരം സഞ്ചാരങ്ങള്‍ നമുക്ക് ഉപകരിക്കാതിരിക്കില്ല.
ജനുവരിയിലെ രണ്ടാം പാദത്തിലായിരുന്നു കോഴിക്കോട്ടുനിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനം കയറിയത്. നേരിട്ട് സര്‍വിസില്ലാത്തതിനാല്‍, മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇരുപത്തിരണ്ടാം നമ്പര്‍ ലോബിയില്‍ നാലഞ്ച് മണിക്കൂറോളം ചെലവഴിക്കേണ്ടി വന്നു. മനംമടുത്ത കാത്തിരിപ്പിനും ഇടവിട്ടുപോയ മേഘക്കാഴ്ചകള്‍ക്കുമൊടുവില്‍ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായിപട്ടേല്‍ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിലൂടെ പുറത്തുകടക്കുമ്പോള്‍ സൂര്യന്‍ പടിഞ്ഞാറുനിന്നു കുങ്കുമം പൂശിത്തുടങ്ങിയിരുന്നു.
തുരുമ്പെടുത്ത് നിറമിളകിയ പച്ച തകരബോഡിക്കു മുകളില്‍ മങ്ങിയ മഞ്ഞത്താര്‍പായ വിരിച്ച ഓട്ടോറിക്ഷയിലൊന്നില്‍ കയറി താമസസ്ഥലത്തേക്കു തിരിച്ചു. നിരത്തോരങ്ങളിലെ വിളക്കുകാലുകളില്‍നിന്നു പെയ്തിറങ്ങുന്ന മങ്ങിയ വെളിച്ചം മുന്നിലും പിന്നിലുമുള്ള വാഹനങ്ങളുടെ മുകളിലേക്കു പാളിവീഴുന്നുണ്ട്. ആഡംബര കാറുകളും ടാക്‌സികളും പുറം കുഴിഞ്ഞ ഓട്ടോറിക്ഷകളും ബൈക്കുകളും തലങ്ങും വിലങ്ങും പായുന്ന പെരുവഴി മറ്റെല്ലാ ഇന്ത്യന്‍ പട്ടണങ്ങളുടെയും അതേ ഛായയും മണവും പേറുന്നവ തന്നെയാണ്. വീതിയുള്ള ഒരു റോഡിനു മുന്‍പെ 'ആശ്രം റോഡ് ' എന്ന പച്ച ബോര്‍ഡിലെ വെളുത്ത ഇംഗ്ലീഷക്ഷരങ്ങള്‍ തെളിഞ്ഞുകണ്ടപ്പോള്‍ ഇതാണോ ഗാന്ധി ആശ്രമത്തിലേക്കുള്ള റോഡെന്ന് ഡ്രൈവറോടു ചോദിച്ചു.'ഹാം, യെഹ് ഹേ ആശ്രം റോഡ് ' എന്നയാള്‍ മറുപടിയും തന്നു.
ആശ്രം റോഡ് മുറിച്ചുകടന്ന് നൂറ്റാണ്ടുകളുടെ പഴമ പേറിനില്‍ക്കുന്ന ദില്ലി ദര്‍വാസയുടെ അടുത്തുനിന്ന് ഇടംതിരിഞ്ഞു കുറച്ചുകൂടി മുന്നോട്ടു നീങ്ങി. കാഴ്ചയില്‍ത്തന്നെ പൗരാണികതയുടെ നിറവും മണവും രൂപവും മുറ്റിനില്‍ക്കുന്ന തിരക്കുപിടിച്ച ജി.പി.ഒ റോഡിലേക്കു വാഹനം മെല്ലെ നുഴഞ്ഞുകയറി. മനുഷ്യരും വാഹനങ്ങളും ചടുലതാളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിയും മുട്ടിയും ഒഴുകിക്കൊണ്ടിരിക്കുന്ന തിരക്കുപിടിച്ച ഗല്ലികള്‍. ഇഴപിരിഞ്ഞു പോകുന്ന ഉപപാതകളുടെ ഓരത്തുള്ള പഴകി ദ്രവിച്ചുവീഴാറായ കെട്ടിടങ്ങളും അവയ്ക്കുള്ളിലെ ജീവിതങ്ങളും മനസിനകത്ത് കറങ്ങിത്തിരിയുന്നതിനിടയിലാണ് 'ഇതാണ് നിങ്ങളുടെ ഹോട്ടല്‍' എന്നു പറഞ്ഞ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്. ഹോട്ടലിന്റെ പേരു നോക്കി ഉറപ്പുവരുത്തി ഓട്ടോയില്‍നിന്നിറങ്ങിയപ്പോഴാണ് ഘനഗംഭീരമായി സംസാരിച്ചുകൊണ്ടിരുന്ന ആ ഡ്രൈവറുടെ രൂപം ശരിക്കുമൊന്നു കണ്ടത്. മെലിഞ്ഞു കവിള്‍ കുഴിഞ്ഞ അയാള്‍ നരച്ചുനീണ്ട താടിരോമങ്ങള്‍ക്കിടയിലൂടെ വിരലുകള്‍ പായിച്ച് ലഗേജെടുക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു. പ്രാരബ്ധങ്ങളുടെ കനം മുതുകുപോലും താഴ്ത്തിക്കളഞ്ഞ ആ മനുഷ്യന് ഏകദേശം എന്റെ മുത്തച്ഛന്റെ പ്രായമുണ്ടായിരുന്നു. യാത്രാഭാണ്ഡമൊക്കെ വളരെ ചെറുതായിരുന്നെങ്കിലും, എന്റെ തെണ്ടിത്തിരിച്ചിലിന്റെ ഭാരം ആ പാവം മനുഷ്യന്റെ മുതുകില്‍ വച്ചുകൊടുക്കാന്‍ മനസുവന്നില്ല. ചോദിച്ചതിലധികം പണം കൊടുത്ത് റോഡ് മുറിച്ചുകടന്ന് ഹോട്ടലിന്റെ അലങ്കരിച്ച ലോഞ്ചിലേക്കു കയറുന്നതുവരെ, അങ്ങോട്ടുമിങ്ങോട്ടും ഒഴുകുന്ന പലവിധ വാഹനസഞ്ചയത്തിനിടയിലൂടെ, ദയനീയതയില്‍ സ്‌നേഹം ചാലിച്ച ആ കണ്ണുകള്‍ എനിക്കുവേണ്ടി കാവലിരിക്കുന്നുണ്ടായിരുന്നു.
ചരിത്രമുറങ്ങുന്ന മഹാനഗരം
നല്ല തണുപ്പുള്ള പ്രഭാതം. കുളിയും വസ്ത്രം മാറലും കഴിഞ്ഞ് ടാക്‌സിയില്‍ ആശ്രമത്തിലേക്കു തിരിച്ചു. ഇവിടെനിന്ന് ഏഴ് കിലോമീറ്റര്‍ ദൂരമേയുള്ളൂ, ഏറിയാല്‍ പതിനഞ്ച് മിനുട്ട്. നൂറ്റാണ്ടുകളുടെ പ്രതാപവും പേറി മഞ്ഞിലമര്‍ന്ന് ഉണരാന്‍ മടിച്ചുനില്‍ക്കുന്ന, പശ്ചിമേന്ത്യയിലെ ഏറ്റവും വലിയ നഗരത്തിലൂടെയാണു പ്രഭാതയാത്ര. പന്ത്രണ്ടാം നൂറ്റാണ്ടിലെ ചാലുക്യവംശാവലി വരെയെത്തുന്ന ചരിത്രഗഹനതയും, മഹാനദി സബര്‍മതിയുടെ ഇരുകരകളിലുമായി 464 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ഭൂമിശാസ്ത്ര വിശാലതയുമുണ്ട് ഈ മഹാനഗരത്തിന്. അഹമ്മദ്ഷാ ഒന്നാമന്‍ 1411ല്‍ ഗുജറാത്ത് സുല്‍ത്താനേറ്റിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെയാണ് ഇതിന് അഹമ്മദാബാദെന്ന പേരുവന്നത്. മുഗള്‍ ഭരണകാലത്ത് പുതുക്കിപ്പണിതതോടെ ഈ നഗരം പ്രശസ്തിയുടെ ഉത്തുംഗതിയിലുമെത്തി. തുടര്‍ന്ന് മറാത്തരും മുഗളരും തമ്മിലുള്ള അധികാരതര്‍ക്കത്തില്‍ അസ്ഥിരമായ ഈ നഗരം, 1818ല്‍ ഈസ്റ്റിന്ത്യാ കമ്പനി ഏറ്റെടുത്തതോടെയാണു വീണ്ടും ചരിത്രത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. 1915ല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍നിന്ന് തിരിച്ചെത്തിയതോടെ, അഹമ്മദാബാദ് തീക്ഷ്ണമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കേന്ദ്രമായി മാറുകയായിരുന്നു.
മഹാനദി സബര്‍മതിക്കു സമാന്തരമായുള്ള ആശ്രം റോഡിലൂടെ ഞങ്ങള്‍ നീങ്ങിത്തുടങ്ങി. നദിയുടെ ഇരുകരകളിലുമായി പരന്നുകിടക്കുന്ന നഗരത്തെ പരസ്പരം ബന്ധിപ്പിക്കുന്ന പതിനൊന്നു പാലങ്ങളുണ്ടെന്നാണ് ഡ്രൈവര്‍ അഫ്രാസ് പറഞ്ഞത്. വികസനത്തിന്റെ അടയാളമായി ഗണിക്കപ്പെടുന്ന വശ്യതയാര്‍ന്ന ധാരാളം കെട്ടിടങ്ങള്‍ പാതയോരങ്ങളുടെ ഇരുവശങ്ങളിലും അഴകുവിടര്‍ത്തി നില്‍ക്കുന്നുണ്ട്. നടുക്കു പൂച്ചെടികള്‍ കൊണ്ടലങ്കരിച്ച വളവുതിരിവില്ലാതെ ആറുവരിപ്പാത, ഇടവും വലവും ഇന്റര്‍ലോക്ക് ചെയ്ത വൃത്തിയുള്ള ഫൂട്ട്പാത്തുകള്‍, നീല നിറത്തിലുള്ള സബര്‍ബന്‍ ആഡംബരബസുകള്‍ക്കു മാത്രമുള്ള മെട്രോപാതകള്‍, ആധുനികവും തിരക്കില്ലാത്തതുമായ മേല്‍പാലങ്ങളും ട്രാഫിക് സംവിധാനങ്ങളും എല്ലാംകൂടി ഒരു വിദേശരാജ്യത്തെ ഓര്‍മിപ്പിക്കുന്നുണ്ട് ഈ നഗരം.
ഗാന്ധിയുടെ ആശ്രമത്തില്‍
ചര്‍ക്കയില്‍ സ്വയം നൂറ്റെടുത്ത വെളുത്ത പരുക്കന്‍ മുണ്ടുകൊണ്ട് അരക്കെട്ടു മുറുക്കി, വേറൊന്ന് കൊണ്ട് ചുമലു പൊതിഞ്ഞ്, പൂക്കളോടും കിളികളോടും പുല്‍ചാടികളോടു പോലും പുഞ്ചിരിച്ചും കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞും ലോകത്തിനു മാനവികതയും ലാളിത്യവും പഠിപ്പിച്ച ഗാന്ധി നടന്ന വഴികളിലൂടെയാണു സഞ്ചാരം. ആധുനികത സൃഷ്ടിച്ചെടുത്ത തിരക്കുകളില്‍നിന്നുമാറി വേറിട്ടുനില്‍ക്കുന്ന മതില്‍കെട്ടിന് എതിര്‍വശത്തു വണ്ടി നിര്‍ത്തി. റോഡ് മുറിച്ചുകടന്ന് ആര്‍ഭാടങ്ങളേതുമില്ലാത്ത ആശ്രമത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഇടതുഭാഗത്ത് ആദ്യമായി കാണുന്നത് ഗാന്ധി സ്മാരക സംഗ്രാലയമാണ്. ഗാന്ധിയുടെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും പ്രധാന സന്ദര്‍ഭങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങളും പെയിന്റിങ്ങുകളും സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്. ഓര്‍മകളും ഓര്‍മപ്പെടുത്തലുകളുമൊന്നും ഒരു നന്മയും പ്രസരിപ്പിക്കാത്ത കാലത്ത്, ഗാലറിക്കാഴ്ചകള്‍ അവസാനമാകാമെന്ന് ആദ്യമേ തീരുമാനിച്ചുറച്ചിരുന്നു. സത്യഗ്രഹിയുടെ കാല്‍പാടുകളില്‍ തൊട്ടുവന്ദിച്ച് ശാന്തിമന്ത്രങ്ങളുച്ചരിച്ചു തഴുകിത്തലോടി ഒഴുകകയാണിന്നും മഹാനദി സബര്‍മതി. അതിന്റെ കരയോട് ചേര്‍ന്ന് ആര്യവേപ്പും ഇലഞ്ഞിയും ബാബൂല്‍മരങ്ങളും തണല്‍വിരിച്ചു നില്‍ക്കുന്ന ആശ്രമവളപ്പില്‍, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ധാരാളം കൊച്ചുമണ്‍കുടിലുകളുണ്ട്.
അന്തേവാസികള്‍ക്കുള്ള സര്‍വമത പ്രാര്‍ഥനയും ഗീതാപ്രഭാഷണവും നടന്നിരുന്ന 'ഉപാസനാമന്ദിറി'നടുത്ത് ഹൃദയമിടിപ്പുപോലും നിയന്ത്രിച്ചു പ്രാര്‍ഥനാപൂര്‍വം നിന്നു. 'രഘുപതി രാഘവ രാജാ റാം, പതീത പാവന സീതാറാം' എന്ന ഭജന അന്തരീക്ഷത്തില്‍ മുഴങ്ങുന്ന പോലെ തോന്നി. അരികത്തുനിന്നു മഹാനദി സബര്‍മതി പതിഞ്ഞ സ്വരത്തില്‍ കളകളാരവം മുഴക്കുന്നതും മരച്ചില്ലകളിലിരുന്നു കിളികള്‍ ചിറകടിക്കുന്നതും കേള്‍ക്കാവുന്നത്ര ശാന്തത അവിടെ വന്നുമൂടി. ഒരുകൂട്ടം സ്‌കൂള്‍ കുട്ടികള്‍ ചിരിച്ചും കളിച്ചും അവിടേക്കു വന്നുചേര്‍ന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമെഴുതിയ ബോര്‍ഡുകള്‍ വായിച്ച് നിര്‍വികാരരായി അവര്‍ കടന്നുപോയി.
ഒറ്റനോട്ടത്തില്‍തന്നെ ലാളിത്യത്തിന്റെ നൈര്‍മല്യവും പേറി നദിയിലേക്കു മുഖം തിരിച്ചിരിക്കുന്ന ഹൃദയകുഞ്ചിലേക്കു പതുക്കെ നടന്നു. ചെരുപ്പഴിച്ചുവച്ചു വരാന്തയിലൂടെ ഗാന്ധിയുടെ കൊച്ചുമുറിയില്‍ പ്രവേശിച്ചു. കട്ടില്‍ പോലുമില്ലാത്ത ഈ മുറിയിലെ വെറുംനിലത്ത് ഒരു പുല്‍പായ വിരിച്ചായിരിക്കും അഹിംസയുടെ പ്രവാചകന്‍ സുഖനിദ്ര പൂണ്ടത് എന്നോര്‍ത്തു. ഗാന്ധിജി ഉപയോഗിച്ച പാദുകവും കണ്ണടയും പാത്രങ്ങളും സ്പൂണുകളും ചില്ലലമാരയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ കസ്തൂര്‍ബാക്കും അതിഥികള്‍ക്കും ഓരോ ചെറിയ മുറികള്‍, തുറന്ന ഒരടുക്കള, ഒരു സ്റ്റോക്ക്‌റൂം, പിന്നെ വരാന്തയില്‍നിന്നു കയറാവുന്ന ഒരു മീറ്റിങ് ഹാള്‍. ഇത്രയുമാണ് 13 വര്‍ഷത്തോളം ഗാന്ധി താമസിച്ച വീടിന്റെ അകക്കാഴ്ചകള്‍.
ചര്‍ക്കയും എഴുത്തുമേശയും വെള്ളവിരിച്ച ഇരിപ്പിടവും ഇപ്പോഴും മീറ്റിങ് ഹാളിന്റെ വെറുംതറയില്‍ ചരിത്രത്തിനു മൂകസാക്ഷിയായി കിടക്കുന്നു. ലോകം മുഴുവന്‍ അശാന്തി പടരുമ്പോള്‍, പിടിക്കാന്‍ മാന്ത്രിക കൈകളില്ലാതെ ഗാന്ധിയുടെ ഊന്നുവടി മൂലയില്‍ അനാഥമായി നില്‍ക്കുന്നു. കാറ്റും വെളിച്ചവും ഏതുനേരവും കയറിയിറങ്ങിപ്പോവുന്ന ഈ വീടിനകത്തു നിന്നിറങ്ങിയാല്‍ ആശ്രമവാസികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ചില്ലിട്ടു സൂക്ഷിച്ചുവച്ചിട്ടുണ്ടു വരാന്തയുടെ ചുമരില്‍, ഗുജറാത്തിയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി. ഇടത്ത് ചുമരില്‍ ചാരിയിരുന്ന് ഒരു സന്നദ്ധപ്രവര്‍ത്തക പരുത്തിയില്‍നിന്നു നൂലുനൂല്‍ക്കുന്നതു കണ്ടു. അടുത്തു ചെന്നിരുന്നപ്പോള്‍ ആശ്രമചരിത്രവും ഗാന്ധിയന്‍ ആശയവും നല്ല വഴക്കമുള്ള ഇംഗ്ലീഷില്‍ വിശദീകരിച്ചു തന്നു.
ചരിത്രത്തിലൂടെ
ഇന്ത്യന്‍വംശജരുടെ അവകാശങ്ങള്‍ക്കുവേണ്ടി നയിച്ച സമരങ്ങളുടെ ഭാരിച്ച അനുഭവഭാണ്ഡവുമായാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍നിന്നു തിരിക്കുന്നത്. ഇന്ത്യയിലെത്തിയ ഉടനെ ഇവിടെനിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരത്തുള്ള കോച്ച്‌റോബ് ബംഗ്ലാവില്‍ 1915 മെയ് 25നു തന്നെ തന്റെ ആശ്രമജീവിതം ആരംഭിക്കുകയും ചെയ്തു. കൃഷിയും മൃഗസംരക്ഷണവും സ്വയം തൊഴില്‍പരിശീലനവും നൂല്‍നൂല്‍പും പശുപരിപാലനവുമൊക്കെയായി കുറച്ചുകൂടി വിശാലമായ ഒരിടം തേടിയുള്ള അന്വേഷണത്തിനൊടുവില്‍, 1917 ജൂണ്‍ 17നാണു കാടുപിടിച്ചു കിടന്നിരുന്ന ഈ 32 ഏക്കര്‍ സ്ഥലത്തേക്കു കൊച്ചുമണ്‍കുടിലുകള്‍ കെട്ടി താമസം മാറ്റിയത്.
ധര്‍മയുദ്ധം ജയിക്കാന്‍ ഇന്ദ്രനു തന്റെ വാരിയെല്ലുകള്‍ പോലും വലിച്ചൂരി കൊടുത്ത ത്യാഗത്തിന്റെ മുനിവര്യന്‍ ദണ്ഡിജിയുടെ ആശ്രമം ഇവിടെയായിരുന്നു എന്നതു യാദൃശ്ചികതയ്ക്കപ്പുറം ഒരു നിയോഗമായിരിക്കണം.
തൊട്ടടുത്തുതന്നെ ശുദ്ധീകാരിയായ മഹാനദി സബര്‍മതി, റോഡിനു കുറച്ചുകൂടി മുന്നോട്ടുനീങ്ങിയാല്‍ പൊലിസ് സ്റ്റേഷനും തടവറയും, അങ്ങേക്കരയില്‍ സര്‍വം ഭസ്മമാകുന്ന ഭൂതേശ്വര്‍ ശ്മശാനഘട്ടം. ഒരു സത്യഗ്രഹിയുടെ മനസില്‍ ഇതിനെക്കാള്‍ കാല്‍പനികമായ ഒരിടം വേറെ കണ്ടെത്താനാകുമായിരുന്നില്ല.
ഹൃദയകുഞ്ചില്‍നിന്ന് പത്തിരുപതടി ദൂരത്തില്‍ അതിലളിതമായ ഒരു കൊച്ചുമണ്‍കുടിലുണ്ട്, വിനോബഭാവെ കുടിര്‍ എന്നും മീരാകുടിര്‍ എന്നും അറിയപ്പെടുന്ന ഈ കൂര ഒന്നിലധികം ആളുകള്‍ക്കു തലചായ്ക്കാനാവാത്തത്രയും ചെറുതാണ്. 'മാതൃകാ സത്യഗ്രഹി'യായ ആചാര്യ വിനോബഭാവെയും അതുകഴിഞ്ഞ് മീരാബെഹന്‍ എന്ന മാഡെലിന്‍ സ്‌ളേഡും താമസിച്ചിരുന്നത് ഇവിടെയായിരുന്നു. കാല്‍പാടുകള്‍തോറും ഗുരുവിനെ പിന്തുടര്‍ന്ന നിസ്വാര്‍ഥ സേവകരായിരുന്ന രണ്ടു ശിഷ്യന്മാരാണിവര്‍. ഹൃദയകുഞ്ച് സബര്‍മതിനദിയിലേക്കു മുഖം തിരിഞ്ഞിരിക്കുമ്പോഴും ഈ കുടില്‍ തിരിഞ്ഞിരിക്കുന്നത് ഹൃദയകുഞ്ചിലേക്കാണ്. ഒഴുകുന്ന നദിയിലേക്കു തിരിഞ്ഞ് ഗുരു ശുദ്ധി വരുത്തുമ്പോള്‍, ഗുരുമുഖത്തേക്കു തിരിഞ്ഞാല്‍ തന്നെ ശുദ്ധമാകുന്നതാണത്രെ ശിഷ്യമാനസം. അത്രമാത്രം വിശ്വാസമായിരുന്നു ശിഷ്യന്മാര്‍ക്ക് ആ ഗുരുവിനെ. ബ്രിട്ടീഷ് അഡ്മിറലിന്റെ മകളായിരുന്ന മാഡെലിന്‍ സ്‌ളേഡ് മഹാത്മാവിനെ ആദ്യമായി കണ്ടെത്തുന്നത് റൊമെയ്ന്‍ റോളണ്ടിന്റെ പുസ്തകത്തില്‍നിന്നാണ്. വൈകാതെത്തന്നെ സമാധാനത്തിന്റെ ആ ആത്മീയാചാര്യനെ അവര്‍ ഗുരുവായി സ്വീകരിക്കുകയായിരുന്നു. ഈ ത്യാഗസ്വരൂപത്തെ ഗാന്ധി മീരാബെഹന്‍ എന്നല്ലാതെ പിന്നെന്തു പേരിട്ടാണു വിളിക്കേണ്ടിയിരുന്നത്?
മീരാകുടിരിനടുത്തുനിന്ന് സബര്‍മതിയുടെ ഓളപ്പരപ്പില്‍ കണ്ണോടിച്ചു കുറച്ചുനേരം നിന്നു. രണ്ടുകരകളും കോണ്‍ക്രീറ്റ് കൊണ്ട് ഉയര്‍ത്തിക്കെട്ടിയിട്ടുണ്ട്. അങ്ങേക്കരയില്‍ ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ബഹുനില കെട്ടിടങ്ങള്‍, അകലെ പാലത്തിലൂടെ അതിവേഗം പായുന്ന വാഹനങ്ങള്‍. വെയില്‍ ചൂടാകാന്‍ തുടങ്ങിയിരുന്നെങ്കിലും നദിയില്‍ നിന്നടിക്കുന്ന കാറ്റിനു ചെറിയ തണുപ്പുണ്ട്. ആശ്രമവളപ്പിലെ തണല്‍ വീണുകിടക്കുന്ന തീരത്തുകൂടെ മുന്നോട്ടുനടക്കുമ്പോള്‍ നദിയിലേക്ക് ഇറങ്ങാനൊരു വഴിയുണ്ട്. നേരെ പോയാല്‍ നാലുപുറവും പൂമുഖമുള്ള 'നന്ദിനി'യാണ്, നെഹ്‌റുവും ആസാദും ടാഗോറുമെല്ലാം ആശ്രമത്തിലെത്തുമ്പോള്‍ വിശ്രമിച്ചിരുന്ന ഈ ഗസ്റ്റ്ഹൗസ്, അപ്പോള്‍ അടഞ്ഞുകിടക്കുകയായിരുന്നു. വരാന്തയുടെ തൂണില്‍ചാരി നിലത്തിരുന്ന് മൊബെലില്‍ തോണ്ടിക്കളിക്കുന്ന ന്യൂജെന്‍ ഗുജറാത്തി ചെക്കന്മാരെ കണ്ടപ്പോള്‍ പുതുമ തോന്നിയില്ല, ഇവര്‍ക്കൊക്കെ എന്ത് ഗാന്ധിയും ഗാന്ധിസവും എന്നു പരിതപിച്ചതേയുള്ളൂ.
ചില വേര്‍പാടുകള്‍ ആരെയും സങ്കടപ്പെടുത്താറുണ്ട്. ആ ദൃഢഹൃദയം പോലും നിമിഷ നേരത്തേക്ക് ഒന്നിടറി, സജലങ്ങളായ കണ്ണുകള്‍ തുടച്ചുകൊണ്ട് മഹാഗുരു വിതുമ്പിക്കൊണ്ടു പറഞ്ഞുവത്രെ: ''ഇന്നു മുതല്‍ ഞാന്‍ വിധവയാണ്''. സബര്‍മതി ആശ്രമത്തിന്റെ മാനേജറായിരുന്ന മഗന്‍ ലാലിന്റെ വിയോഗം ഗാന്ധിയിലുണ്ടാക്കിയ മുറിവ് അത്രമാത്രം അഗാധമായിരുന്നിരിക്കണം. 'ആശ്രമത്തിന്റെ ആത്മാവ്' എന്നു വിശേഷിപ്പിക്കപ്പെട്ട തന്റെ മച്ചുനന്‍, ദക്ഷിണാഫ്രിക്കയിലെ ആശ്രമജീവിതം തൊട്ടെ നിഴലുപോലെ കൂടെത്തന്നെയുണ്ടായിരുന്നു. ചരിത്രത്തില്‍ ഗാന്ധിയുടെ തേങ്ങലുകള്‍ രേഖപ്പെട്ടുകിടക്കുന്ന മഗന്‍ലാല്‍ഗാന്ധി താമസിച്ചിരുന്ന 'മഗന്‍ നിവാസി'നടുത്തു നില്‍ക്കുമ്പോള്‍, ഒരു മരണവീടിന്റെ നിശബ്ദത ഇപ്പോഴും നമുക്ക് അനുഭവപ്പെടുന്നുണ്ട്.
സബര്‍മതിയുടെ ആശയം
ശരിക്കും എന്താണ് സബര്‍മതി? ആശ്രമത്തിലെ പുസ്തകശാലയില്‍നിന്ന് ഗാന്ധിപുസ്തകങ്ങള്‍ വാങ്ങി തിരിച്ചിറങ്ങുമ്പോള്‍, ഞാനെന്നോടു തന്നെ ചോദിക്കുകയായിരുന്നു. സത്യാന്വേഷണങ്ങളുടെ പരീക്ഷണശാല? എന്തായാലും അതു മാത്രമല്ല സബര്‍മതി. തന്റെ 'സത്യാന്വേഷണ പരീക്ഷണങ്ങള്‍' ലോകത്തിനു മുന്നില്‍ മലക്കെ തുറന്നിട്ട് ഗാന്ധിജി മോണകാട്ടി ചിരിച്ചത് ഇവിടെ വച്ചാണ്. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ഗുരു പലതും ഏറ്റുപറഞ്ഞിട്ടുണ്ട്, ഇന്നോളം കണ്ടതും കേട്ടതും അനുഭവിച്ചതും. എന്നിട്ടു സ്വയം നിസാരനായി കടന്നുപോകുമ്പോള്‍ ലോകത്തോട് വിനയാന്വിതനായി, ഇതൊക്കെ ഒരു കുട്ടിക്കു പോലും കഴിയുന്നതാണെന്ന മട്ടില്‍.
1932 മാര്‍ച്ച് 12ന് ഉപാസനാമന്ദിറിലെ പ്രഭാതപ്രാര്‍ഥനയും കഴിഞ്ഞ്, ഭയരഹിതനായി ഭാരമില്ലാത്ത മനസുമായി ഗാന്ധിജി ആശ്രമമുറ്റത്തുനിന്നു പടിയിറങ്ങി, ഇന്ത്യ സ്വതന്ത്രമാകാതെ ഇനി ഞാന്‍ സബര്‍മതിയിലേക്കില്ല എന്ന ശപഥവുമായി. ഗുരു തന്റെ ആശ്രമം ഒന്നുകൂടെ കണ്‍കുളിര്‍ക്കെ കണ്ടു. സബര്‍മതി നദിയില്‍ നിന്നടിക്കുന്ന കുളിര്‍കാറ്റുകൊണ്ട് ആശ്രമമുറ്റം തണുത്തിരുന്നു. ഒറ്റമുണ്ടുടുത്തു വരണ്ടുണങ്ങിയ ഗ്രാമപാതകളിലൂടെ, സൂര്യന്‍ മൂര്‍ദ്ദാവില്‍ തിളക്കുന്ന വിണ്ടുകീറിയ വയലുകള്‍ മറികടന്ന്, ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ ഹൃദയങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു യാത്ര. തന്റെ നാട്ടിലെ കടല്‍വെള്ളം വറ്റിച്ച് ഉപ്പുല്‍പാദിക്കുന്നതിന് ബ്രിട്ടനു നികുതി നല്‍കുകയോ? ബ്രിട്ടീഷ് സിംഹാസനങ്ങള്‍ ഈ ചോദ്യം കേട്ടു വിറച്ചു. സത്യഗ്രഹിയെ സംബന്ധിച്ചിടത്തോളം ഈ നിയമത്തെ അക്രമരഹിത മാര്‍ഗത്തിലൂടെ പ്രതിരോധിക്കുക എന്നതു പൂര്‍ണസ്വരാജിലേക്കുള്ള യാത്രയ്ക്കിടയിലെ ഒരു കാല്‍വയ്പു മാത്രമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പുലരി കാത്തുകാത്തു പ്രതീക്ഷവറ്റിയ കുഴിഞ്ഞ കണ്ണുകളുമായി ആള്‍കൂട്ടം മതജാതി ഭേദമന്യേ വഴിയില്‍ യാത്രയെ വരവേറ്റു. വട്ടക്കണ്ണട ധരിച്ച മുഖത്തും എല്ലുന്തിയ മേനിയിലും വിയര്‍പ്പൊഴുകി മേല്‍മുണ്ടും അടിമുണ്ടും നനഞ്ഞൊട്ടി. എന്നാലും പൊട്ടിയപാദവും തളര്‍ന്ന കാലുകളും ഏച്ചുവലിച്ചു സഞ്ചാരത്തിന്റെ വേഗം കൂട്ടിയതേയുള്ളൂ. ചിരിച്ചു കൈവീശി കടന്നുപോകുന്ന മഹാത്മാവിനെ കണ്ടു തൊണ്ടയിടറി ജനം ആര്‍ത്തുവിളിച്ചു; മഹാത്മാ ഗാന്ധീ കീ ജയ്. ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ ചാളകളില്‍ സമരനായകന്‍ അന്തിയുറങ്ങി.
പുലരും മുന്‍പെ വീണ്ടും ഇറങ്ങി നടന്നു. ഇന്ത്യ ഒന്നാകെ ഗുരുവിനൊപ്പം നടക്കുകയായിരുന്നു, ഉറുമ്പു കൂട്ടങ്ങളെപ്പോലെ. കുട്ടികള്‍ സ്‌കൂള്‍ വിട്ടിറങ്ങി. യുവാക്കള്‍ തൊഴില്‍ശാലകളിലെ ജോലി ഉപേക്ഷിച്ചു. വിത നിര്‍ത്തി കര്‍ഷകര്‍ പാതയോരത്തുനിന്ന് ഒപ്പംകൂടി. ചിലപ്പോഴത് രണ്ടു കിലോമീറ്ററോളം നീളത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യമതില്‍ പോലെ അച്ചടക്കത്തോടെ ലക്ഷ്യത്തിലേക്കു ചുവടുവച്ചു. അങ്ങനെ നീണ്ട 240 മൈലുകള്‍ താണ്ടി ഗാന്ധിയും അനുചരന്മാരും ഏപ്രില്‍ അഞ്ചിനു രാത്രിയോടെ ദണ്ഡിയിലെത്തി. അന്ന് ആ ത്യാഗി ഒരു മുക്കുവക്കുടിലില്‍ പുല്‍പായ വിരിച്ച് എന്നത്തെക്കാളും സുഖമായി കിടന്നുറങ്ങി. 23 ദിവസത്തെ നീണ്ടയാത്രയുടെ ക്ഷീണം അലട്ടിയതേയില്ല.
അതിരാവിലെ ഉണര്‍ന്ന് പ്രാഥമികകര്‍മങ്ങളും പ്രാര്‍ഥനയും പെട്ടെന്നു തീര്‍ത്ത്, മുന്നില്‍ പരന്നുകിടക്കുന്ന പ്രക്ഷുബ്ധമായ കടലിനെയും വിശ്വസ്തരായ ജനത്തെയും സാക്ഷി നിര്‍ത്തി ചെളിനിറഞ്ഞ ഒരുപിടി മണ്ണ് വാരിയെടുത്തു പറഞ്ഞു;''ഞാനീ ഒരുപിടി മണ്ണുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആണിക്കല്ലിളക്കും''. അതു സത്യമായിത്തീര്‍ന്നു. ജനമിളകി. രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ആര്‍ത്തലച്ച ഈ തിരയിളക്കം തല്ലിയമര്‍ത്താന്‍ ബ്രിട്ടന് 80,000ത്തോളം ഇന്ത്യക്കാരെ ജയിലിലടക്കേണ്ടി വന്നു, വൈകാതെ ഗാന്ധിയെയും. ഇന്ത്യക്കാരുടെ ധമനികളിലൂടെ പടര്‍ന്നുകയറിയ ഈ ബ്രിട്ടീഷ് വിരുദ്ധവികാരം സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം ഒരുപാടു കുറച്ച് എന്നതിനു ചരിത്രം സാക്ഷ്യം.
ി ി ി ി
ആശ്രമമുറ്റത്തെ തണുപ്പരിക്കുന്ന തിങ്ങിയ മരത്തണലില്‍ തെല്ലിടകൂടി ഞാന്‍ നിന്നു. എന്നിട്ടു പുറത്തെ ചുട്ടുപൊള്ളുന്ന ഉച്ചവെയിലിനെ സ്വയം പഴിച്ചു പുറത്തിറങ്ങി. മെല്ലെ 'ദണ്ഡിപ്പാല'ത്തിനടുത്തേക്കു നടന്നു. ചുവന്ന പെയിന്റടിച്ച മരപ്പാലം വല്ലാതെ ദ്രവിച്ചു നിറം മങ്ങിയിരിക്കുന്നു. പരശ്ശതം മനുഷ്യരുടെ ഹൃദയത്തിലേക്കു കാടുവെട്ടിത്തെളിച്ചു ഗാന്ധി നടന്നുപോയ ഈ പാലത്തിനു ചുവട്ടിലെ മലിനജലത്തില്‍ കണ്ടല്‍ക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നു. സബര്‍മതിയോടു വിടപറയുമ്പോള്‍ ഞാനുമറിയാതെ ഗാന്ധിക്കും ചരിത്രത്തിനും കൈവീശി. ഗാന്ധിയെ യാത്രയയക്കാന്‍ കൂടിനിന്നവരില്‍ ഒരാളായി, ചരിത്രത്തില്‍ ആ മഹായോഗിക്കുള്ള മറുപടിയെന്നോണം.
'യഥാ യഥാഹി ധര്‍മസ്യ....' വാഹനത്തിനടുത്തേക്കു തിരിച്ചു നടക്കുമ്പോള്‍ ആശ്രമത്തില്‍നിന്നു ഗീതാശകലങ്ങള്‍ പെയ്തുകൊണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."