ബൈപാസിന് ദുര്‍വാശി പിടിക്കുന്ന സര്‍ക്കാര്‍ ഹരിതകേരള മിഷന്‍ പിരിച്ചുവിടണം: സി.പി ജോണ്‍
തളിപ്പറമ്പ്: തണ്ണീര്‍തടങ്ങള്‍ നികത്തി ഹൈവേ നിര്‍മിക്കുമെന്ന് വാശിപിടിക്കുന്ന പിണറായി സര്‍ക്കാര്‍ ഹരിതകേരള മിഷന്‍ പിരിച്ചുവിടുന്നതാണ് നല്ലതെന്ന് സി.എം.പി സംസ്ഥാന ജന.സെക്രട്ടറി സി.പി ജോണ്‍. കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപാസ് നിര്‍മിക്കുന്നതിന് പകരം നഗരത്തില്‍ ചാലക്കുടി മോഡല്‍ മേല്‍പാലം പരിഗണിക്കണമെന്നും കീഴാറ്റൂര്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റോഡ് നിര്‍മിക്കാന്‍ ബദല്‍ മാര്‍ഗം തേടുന്നതിന് പകരം ബൂര്‍ഷ്വാസികള്‍ പ്രയോഗിക്കുന്ന സമ്മതപത്ര തന്ത്രം നടപ്പാക്കിയതോടെ കരിങ്കാലിപ്പണിയാണ് സി.പി.എം ചെയ്തത്. ദുരഭിമാനം വെടിഞ്ഞ് സമരക്കാരുമായി ചര്‍ച്ചനടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സി.പി ജോണ്‍ ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ സി.എം പി സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേരളവും കീഴാറ്റൂരും എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും ആദ്യത്തെ പരിപാടി 7ന് തിരുവന്തപുരത്ത് നടത്തുമെന്നും സി.പി ജോണ്‍ പറഞ്ഞു. സി.എ അജീര്‍, എ.പി.കെ രാഘവന്‍, എന്‍. കുഞ്ഞിക്കണ്ണന്‍, എം. മധുസൂദനന്‍ എന്നിവരും ഒപ്പമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."