സംസ്ഥാനത്തിന് ഇനി ഔദ്യോഗിക ചിത്രശലഭവും
പൊന്നാനി: കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചതിനു പിന്നാലെ ഔദ്യോഗിക ചിത്രശലഭത്തെയും പ്രഖ്യാപിക്കാനൊരുങ്ങുന്നു. ബുദ്ധമയൂരി, വനദേവത എന്നീ രണ്ടിനം ചിത്രശലഭങ്ങളിലൊന്നിനെയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന വന്യജീവി ഉപദേശകസമിതി യോഗത്തിലാണ് സംസ്ഥാനത്തിന് ഔദ്യോഗിക ചിത്രശലഭം വേണമെന്ന നിര്‍ദേശമുയര്‍ന്നത്.
2015ല്‍ മഹാരാഷ്ട്രയാണ് ആദ്യമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചിത്രശലഭമായ കൃഷ്ണശലഭ(ബ്ലൂ മോര്‍മണ്‍)ത്തെ ഔദ്യോഗിക ചിത്രശലഭമാക്കി പ്രഖ്യാപിച്ചത്. 2016ല്‍ കര്‍ണാടകയും സംസ്ഥാന ചിത്രശലഭത്തെ തിരഞ്ഞെടുത്തു.
ജനുവരി 18ന് ആറളത്തു നടന്ന ചിത്രശലഭ പഠന ക്യാംപില്‍ മൂന്നു ചിത്രശലഭങ്ങളുടെ പേരാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. വനദേവത (മലബാര്‍ ട്രീ നിംഫ്), ബുദ്ധമയൂരി (ബുദ്ധ പീകോക്ക്), പുള്ളിവാലന്‍ ശലഭം (മലബാര്‍ ബാന്‍ഡഡ് സ്വാലോ ടെയ്ല്‍) എന്നിവയായിരുന്നു ഇവ.
ഒടുവില്‍ വനദേവതയെയും ബുദ്ധമയൂരിയെയും കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിനു നല്‍കിയതായി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോഴിക്കോട് മേഖലാ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ട് പറഞ്ഞു.
പശ്ചിമഘട്ടത്തില്‍ മഹാരാഷ്ട്ര, തമിഴ്‌നാട് വരെയുള്ള പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കാണപ്പെടുന്ന ചിത്രശലഭമാണ് വനദേവത. ചെങ്കല്‍ കുന്നുകളില്‍ കാണുന്ന മാലതീലതയും നിത്യഹരിത വനങ്ങളില്‍ കാണുന്ന പെനലിവള്ളിയുമാണ് ലാര്‍വാ ഭക്ഷണ സസ്യങ്ങള്‍. ഇംഗ്ലിഷില്‍ പേപ്പര്‍ കൈറ്റ് എന്നും പേരുണ്ട്.
കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങളിലും കണ്ടുവരുന്ന ചിത്രശലഭമാണ് ബുദ്ധമയൂരി. വടക്കന്‍ കേരളത്തിലാണ് ഇവ കൂടുതല്‍ കാണാറുള്ളത്. സംസ്ഥാന ചിത്രശലഭമായി ബുദ്ധമയൂരിയെ പ്രഖ്യാപിക്കാനാണ് കൂടുതല്‍ സാധ്യത. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിത്രശലഭ നിരീക്ഷകരുള്ള സംസ്ഥാനമാണ് കേരളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."