നടനും രക്ഷയില്ല, നോക്കുകൂലിക്കൊള്ള വീണ്ടും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില കല്‍പ്പിച്ച് സംസ്ഥാനത്ത് വീണ്ടും നോക്കുകൂലിക്കൊള്ള. നടന്‍ സുധീര്‍ കരമനയുടെ വീട്ടില്‍ സാധനങ്ങള്‍ ഇറക്കിയതിനും യൂനിയന്‍കാര്‍ നോക്കുകൂലിയായി വന്‍തുക ബലമായി പിടിച്ചുവാങ്ങി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇലക്ട്രിക് കേബിളുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നോക്കുകൂലി ചോദിച്ച സംഭവം വിവാദമായതിന് തൊട്ടുപിന്നാലെയാണ് നടന്റെ അടുത്തു നിന്നും യൂനിയന്‍കാരുടെ പിടിച്ചുപറി. നോക്കുകൂലി വാങ്ങിയതിന് പുറമേ ജോലിക്കാരെ അസഭ്യം പറഞ്ഞെന്നും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. ചാക്ക ബൈപ്പാസിനു സമീപത്തെ സുധീര്‍ കരമനയുടെ വീടുപണിക്കായി കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കിയതിന് 25,000 രൂപയാണ് മൂന്ന് യൂനിയനുകള്‍ ചേര്‍ന്ന് നോക്കുകൂലിയായി വാങ്ങിയത്. ഇവിടേക്ക് കൊണ്ടുവന്ന മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂനിയനുകള്‍ തടഞ്ഞത്. മാര്‍ബിളും ഗ്രാനൈറ്റും വാങ്ങിയ കമ്പനിയില്‍ നിന്നുള്ള തൊഴിലാളികള്‍ തന്നെയാണ് ഇവ ഇറക്കാനായി എത്തിയത്. അതിനായി 16,000 രൂപയും കമ്പനി സുധീറില്‍ നിന്ന് ഈടാക്കിയിരുന്നു. എന്നാല്‍, ലോഡുമായി വാഹനം സുധീറിന്റെ വീട്ടില്‍ എത്തിയപ്പോള്‍ യൂനിയന്‍കാര്‍ എത്തി 75000 രൂപ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു.
വീടുനിര്‍മാണ ചുമതലയുള്ള കരാറുകാര്‍ സമ്മതിക്കാതെ വന്നപ്പോള്‍ യൂണിയന്‍കാര്‍ ഇവരോട് മോശമായി സംസാരിച്ചു. ജോലിക്കാരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വിലപേശലിനൊടുവില്‍ 25,000 രൂപ നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍, തുക വാങ്ങിയ യൂനിയന്‍കാര്‍ സാധനം ഇറക്കാതെ മുങ്ങി. ഇതോടെ കമ്പനിയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തന്നെ മാര്‍ബിളും ഗ്രാനൈറ്റും ഇറക്കേണ്ടിവന്നു.
അതേസമയം ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുധീര്‍ കരമന പ്രതികരിച്ചു. താന്‍ തൊടുപുഴയില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നപ്പോഴാണ് സംഭവത്തെ കുറിച്ച് അറിഞ്ഞത്. നോക്കുകൂലി വാങ്ങുന്നതിനെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശഖേരന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് സി.ഐ.ടി.യു നേതാവ് വി. ശിവന്‍കുട്ടിയും വ്യക്തമാക്കി.
നോക്കുകൂലിയും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയ്ക്കുറപ്പു നല്‍കിയിരുന്നു.
എന്നാല്‍ തുടര്‍ന്നും സംസ്ഥാനത്ത് നോക്കൂകൂലി വാങ്ങല്‍ സജീവമായതിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്ക് കൊണ്ടുവന്ന ഇലക്ട്രിക് കേബിള്‍ ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ട യൂനിയന്‍കാരുടെ നടപടി വന്‍വിവാദമായിരുന്നു. ഇരുപതിനായിരം രൂപ നോക്കുകൂലി ആവശ്യപ്പെട്ട യൂനിയന്‍കാര്‍ ക്രെയിന്‍ ഉപയോഗിച്ച് കേബിളുകള്‍ ഇറക്കാനുള്ള കരാറുകാരന്റെ ശ്രമം തടഞ്ഞതാണ് വിവാദമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."