വിവാദങ്ങള്‍ക്ക് ലൈക്കില്ല: സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ നിയന്ത്രിക്കാന്‍ മുസ്‌ലിം ലീഗ്
മലപ്പുറം: സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു കര്‍ശന നിര്‍ദേശവുമായി മുസ്‌ലിം ലീഗ്. പാര്‍ട്ടിയുടെ പേരില്‍ അനൗദ്യോഗികമായി തുടങ്ങുന്ന വാട്‌സ്ആപ് ഗ്രൂപ്പുകളില്‍നിന്നു പാര്‍ട്ടി ഭാരവാഹിത്വമുള്ളവര്‍ ലെഫ്റ്റ് ചെയ്യണമെന്നും ജില്ല മുതല്‍ വാര്‍ഡുവരെ ഭാരവാഹികള്‍ അഡ്മിനായി ഔദ്യോഗിക ഗ്രൂപ്പുകള്‍ രൂപീകരിക്കണമെന്നും മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സര്‍ക്കുലര്‍ നല്‍കി.
അതാതു ഘടകത്തിലെ പാര്‍ട്ടി അംഗങ്ങളെ ഔദ്യോഗിക ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തണം. വിവരങ്ങള്‍ പരസ്പരം കൈമാറാനും പഠനത്തിനും പാര്‍ട്ടി വാര്‍ത്തകളുടെ പ്രസിദ്ധീകരണത്തിനുമാണിത്. ഏപ്രില്‍ അവസാനത്തോടെ നടപടി പൂര്‍ത്തിയാക്കി അഡ്മിന്‍മാരുടെ ബയോഡാറ്റ ജില്ലാ കമ്മിറ്റിക്കു നല്‍കാനും കീഴ്ഘടകങ്ങള്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിയുടെ അറിവോ സമ്മതമോ കൂടാതെ ഓരോ ഘടകങ്ങളുടെയും പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ തുടങ്ങരുത്. പ്രവര്‍ത്തകര്‍ രൂപീകരിച്ച ഗ്രൂപ്പുകള്‍ ഘടനാപരമായി മാറ്റം വരുത്തി പുനഃസംഘടിപ്പിക്കണം. അഭിപ്രായ പ്രകടനങ്ങള്‍ക്കു പാര്‍ട്ടി യോഗങ്ങളില്‍ അവസരവും സ്വാതന്ത്ര്യവുമുണ്ട്.
എന്നാല്‍, സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി നയങ്ങളെ ചോദ്യം ചെയ്യല്‍, അധിക്ഷേപങ്ങള്‍, വ്യക്തിഹത്യ തുടങ്ങിയ അച്ചടക്ക ലംഘനങ്ങള്‍ നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായി സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നതിനെതിരേയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. താഴേതട്ടില്‍ അച്ചടക്ക സമിതി രൂപീകരിക്കും.
പ്രവര്‍ത്തകര്‍ക്കു രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി പാര്‍ട്ടി സ്‌കൂളുകള്‍ സ്ഥാപിക്കും. പാര്‍ട്ടിയുടെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് എല്ലാ കീഴ്ഘടകങ്ങള്‍ക്കും സംഘടനാ പ്രവര്‍ത്തനം, ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടു വിവിധ നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."