വ്യാജരേഖ ചമയ്ക്കല്‍: വില്ലേജ് അസിസ്റ്റന്റിനെതിരേ കൂടുതല്‍ പരാതികള്‍
ഇരിട്ടി: വില്ലേജ് ഓഫിസറുടെ പേരില്‍ വ്യാജ ഒപ്പിട്ട് ചെങ്കല്‍ മാഫിയകള്‍ക്ക് ക്വാറി ആരംഭിക്കാന്‍ അനുമതി നല്‍കിയ കേസില്‍ സസ്‌പെന്‍ഷനിലായ വില്ലേജ് അസിസ്റ്റന്റിനെതിരേ സമാന രീതിയില്‍ കൂടുതല്‍ പരാതികള്‍. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം ആരംഭിച്ചു. കല്ല്യാട് വില്ലേജ് അസിസ്റ്റന്റ് ഇരിട്ടി പായം സ്വദേശി മാവില ജയരാജനെതിരേയാണ് റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചത്. കൊല്ലം ജില്ലക്കാരനായ ഇയാള്‍ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ വില്ലേജ് ഓഫിസറുടെ പേരില്‍ വ്യാജ ഒപ്പും, സീലും പതിച്ച് ക്വാറി മാഫിയകള്‍ക്ക് ചെങ്കല്‍ ക്വാറിക്ക് സമ്മതപത്രം നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണ വിധേയമായി ശനിയാഴ്ച കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. വ്യാജരേഖ നിര്‍മിച്ചു നല്‍കിയതിനു പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ, സമാന രീതിയില്‍ മുമ്പും വ്യാജരേഖ ചമച്ച് സമ്മതപത്രം നല്‍കിയിരുന്നോ എന്നുമാണ് റവന്യു ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. ജയരാജന്‍ വില്ലേജ് അസിസ്റ്റന്റായി ചുമതലയേറ്റ ശേഷം കല്ലാട് വില്ലേജിലെ മുഴുവന്‍ ഓഫിസ് നടപടികളും പരിശോധിക്കാനും മുമ്പ് ജോലി ചെയ്തിരുന്ന ഓഫിസിലുള്‍പ്പെടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും. പൊലിസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്ല്യാട് മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ നടക്കുന്നതിനാല്‍ മേഖലയില്‍ ചെങ്കല്‍ ഖനനം നടത്തുന്നത് കോടതി വിലക്കിയിരുന്നു. ചില വില്ലേജ് അധികൃതരും ചെങ്കല്‍ മാഫിയകളും തമ്മിലുള്ള ഒത്താശയോടെ പ്രദേശത്ത് കോടതി ഉത്തരവ് മറികടന്ന് വ്യാപകമായി ഖനനം നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."