കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ 'ആദരാഞ്ജലി'പോസ്റ്റര്‍
ഹോസ്ദുര്‍ഗ് (കാസര്‍കോട്): യാത്രയയപ്പ് ചടങ്ങിനിടെ പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികള്‍ 'ആദരാഞ്ജലി' അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. പി.വി പുഷ്പജ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും നെഹ്‌റു കോളജിലെ ബിരുദ വിദ്യാര്‍ഥിയുമായ ഉപ്പളയിലെ മുഹമ്മദ് ഹനീസ്, എസ്.എഫ്.ഐ പ്രവര്‍ത്തകരും ബിരുദ വിദ്യാര്‍ഥികളുമായ പടന്നക്കാടെ എം.വി പ്രവീണ്‍, കോട്ടച്ചേരി കുന്നുമ്മലിലെ ശരത് ദാമോദരന്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. പ്രിന്‍സിപ്പലിനെ അപകീര്‍ത്തിപ്പെടുത്തല്‍, അപമാനിക്കാനുള്ള ശ്രമം, കോളജ് കാംപസിനകത്ത് പടക്കം പൊട്ടിക്കല്‍ എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസ്.
കേസിലുള്‍പ്പെട്ട വിദ്യാര്‍ഥികളായ മൂന്ന് പേരെയും മാനേജ്‌മെന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോളജില്‍ നിന്ന് നേരത്തേ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം സബ്മിഷനായി വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. അധ്യാപകര്‍ മാതാപിതാക്കളെക്കാളും മുകളിലാണെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരേ പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. കോളജില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണെന്നും വിഡിയോയും എസ്.എഫ്.ഐ നേതാക്കളിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ തെളിവുകളും കൈയിലുണ്ടെന്നും ഡോ.പുഷ്പജ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകളെ അംഗീകരിക്കുന്നു. ഇനി അങ്ങോട്ട് മറ്റാര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് തന്നെ നടപടി സ്വീകരിക്കണമെന്നും ഡോ. പുഷ്പജ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."