ജാക്കിലിവര്‍ കൊണ്ട് അടിച്ച് യുവാവിന്റെ തലതകര്‍ത്തു; അഞ്ചു പേര്‍ അറസ്റ്റില്‍
മാനന്തവാടി: ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍മാര്‍ ചേര്‍ന്ന് യുവാവിന്റെ തലയടിച്ചു തകര്‍ത്തു. തൃശിലേരി ആനപ്പാറ സ്വദേശിയായ മുരളി(അശ്വത് കുമാര്‍)ക്കാണ് അടിയേറ്റത്. തലക്ക് ഗുരുതര പരുക്കേറ്റ മുരളിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മുരളിയുടെ സഹോദരന്‍ അനിലിനും മര്‍ദ്ധനത്തില്‍ പരുക്കുണ്ട്. ഇക്കഴിഞ്ഞ ഒന്നിന് രാത്രിയിലാണ് സംഭവം. തലക്കടിച്ച കേസിലെ പ്രതികളായ മജിസ്‌ട്രേറ്റ് കവല അനന്തോത്ത്കുന്ന് ഒതയോത്ത് രാജേഷ്(മണി-39), സഹോദരന്‍ അനീഷ്(33), എന്നിവരെയും പ്രതികളെ സഹായിക്കുകയും, ഒളിപ്പിക്കുകയും ചെയ്ത എടയൂര്‍ക്കുന്ന് കാരോട്ട് ശ്രീനോജ് (30), തൃശിലേരി പറങ്കിമാലില്‍ ഡയസ്(31), കാനഞ്ചേരികുന്ന് കുറ്റിത്തോട്ടത്തില്‍ സനോജ്(30) എന്നിവരെയും മാനന്തവാടി സി.ഐ പി.കെ മണിയും തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ''അനിലും രാജേഷും തമ്മില്‍ ഇഞ്ചി കൃഷി നടത്തിയിരുന്നു. ഇതില്‍ നടന്ന ചില ക്രമക്കേടുകള്‍ സംബന്ധിച്ച് ഇരുവരും ഫോണില്‍ വാക്കേറ്റം നടന്നിരുന്നു.
തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് രാത്രി രാജേഷും, അനിയന്‍ അനീഷും സുഹൃത്തുക്കളും ചേര്‍ന്ന് ഓട്ടോറിക്ഷയിലും ട്രാക്ടറിലുമായി മജിസ്‌ട്രേറ്റ് കവലയിലെത്തി അനിലിനെയും സഹോദരന്‍ മുരളിയെയും മര്‍ദ്ധിക്കുകയായിരുന്നു.
ഇതിനിടയില്‍ രാജേഷ് വണ്ടിയിലുണ്ടായിരുന്ന ജാക്കി ലിവറെടുത്ത് മുരളിയുടെ തലക്കടിച്ചു. തലക്ക് മാരക മുറിവേറ്റ് നിലത്തുവീണ മുരളിയെ രക്ഷിക്കാന്‍ പോലും പ്രതികള്‍ തയ്യാറായില്ല. മുരളിയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി നാട്ടുകാര്‍ ശ്രമിച്ചപ്പോള്‍ അത് തടയുകയും, ഓട്ടോയുടെ ചില്ല് തകര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് ഏറെ നേരത്തിന് ശേഷമാണ് മുരളിയെയും അനിലിനെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന മുരളിയെ ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇതിനിടയില്‍ തങ്ങള്‍ക്കും പരുക്കേറ്റെന്ന പരാതിയുമായി രാജേഷും അനീഷും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് മുങ്ങി.
കേസിലെ പ്രതികള്‍ അഞ്ച് പേരും ആദ്യം കര്‍ണ്ണാടകയിലേക്കാണ് മുങ്ങിയത്. പിന്നീട് രാജേഷും, അനീഷും ഒഴികെയുള്ള പ്രതികള്‍ തിരികെ നാട്ടിലേക്ക് വന്നു. ടവര്‍ ലൊക്കേഷന്‍ നോക്കുമ്പോള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി രാജേഷിന്റെയും അനിഷിന്റെയും ഫോണുകളും പ്രതികള്‍ കൈവശം വെച്ചു. എന്നാല്‍ മുഖ്യപ്രതികള്‍ കര്‍ണ്ണാടകയിലലെ വീരാജ്‌പോട്ടയിലാണുള്ളതെന്ന് മനസ്സിലാക്കിയ പൊലീസ് പ്രതികളെ പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."