എല്ലാ സ്റ്റേഷനുകളിലും ഐ.ടി സൈബര്‍ സെല്‍: ഡി.ജി.പി
കോട്ടയം: സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും മെയ് 15ന് മുന്‍പ് പ്രത്യേക ഐ.ടി സൈബര്‍ സെല്‍ തുടങ്ങുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
മൂന്നുപേരാവും സൈബര്‍ സെല്‍ സംഘത്തിലുണ്ടാവുക. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതോടൊപ്പം മൂന്നുവര്‍ഷത്തേക്ക് മറ്റ് സ്ഥാനങ്ങളിലേക്ക് മാറ്റമില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. കേരളാ പോലിസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസിന്റെ തൊപ്പിയ്ക്ക് മാറ്റംവരുത്തും. എ.എസ്.ഐ മുതല്‍ സി.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് തുണിത്തൊപ്പിയും ഉപയോഗിക്കാനാണ് അനുവാദം. ഇതുവരെ സംസ്ഥാന പൊലിസിലെ ഐ.പി.എസ് ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ഡിവൈ.എസ്.പിമാര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള തൊപ്പി അനുവദിച്ചിരുന്നത്.
തൊപ്പിമാറ്റത്തിനുള്ള ഉത്തരവ് ഉടന്‍തന്നെ സ്റ്റേഷനുകളിലെത്തുമെന്നും ബെഹ്റ അറിയിച്ചു. കാക്കിത്തൊപ്പി സ്ഥിരമായി തലയില്‍വയ്ക്കുന്നത് മൂലം വിയര്‍പ്പ് താഴ്ന്ന് ശാരീരിക, മാനസിക ബുദ്ധിമുട്ടുകളുണ്ടാവുന്നതായി പൊലിസ് ഓഫിസേഴ്സ് അസോസിയേഷന് ഡി.ജി.പിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് ആരംഭിച്ച പൊലിസ് വെല്‍ഫെയര്‍ ബ്യൂറോ സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് പ്രമോഷന് നല്‍കും. സേനയില്‍ ലിംഗവിവേചനം പാടില്ല. വനിതകളെ ഒരു ജോലിയില്‍നിന്നും മാറ്റിനിര്‍ത്തരുതെന്നും ഡി.ജി.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."