യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസെടുത്ത സംഭവം; നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഈരാറ്റിന്‍പുരം ടൂറിസം പദ്ധതിയ്ക്കായി നഗരസഭയുടെ തന്നെ ഭൂമി വില കൊടുത്ത് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാംകളിയും നടന്ന സംഭവത്തില്‍ രണ്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു.
ഭരണകക്ഷി പ്രതിപക്ഷ കൗണ്‍സിലര്‍മാരെ കള്ളക്കേസില്‍ കുടുക്കിയെന്നും അഴിമതിക്കാരിയായ ചെയര്‍പേഴ്‌സന്‍ ഡബ്ല്യു.ആര്‍ ഹീബ രാജിവക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. നഗരസഭയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയിലും വികസന മുരടിപ്പിലുമായി തപ്പി തടയുകയാണ്. ആ വഴി തന്നെ പിന്‍തുടരുകയാണ് ഇടതുപക്ഷം ഭരിക്കുന്ന നെയ്യാറ്റിന്‍കര നഗരസഭ ഭരണ സമിതിയും. അഴിമതിയെ ചോദ്യം ചെയ്താല്‍ കള്ള കേസില്‍ കുടുക്കുന്ന സമീപനമാണ് ഇവര്‍ക്കുളളത്. ഇത് അനുവദിക്കാന്‍ കഴിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അവനീന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ ധര്‍ണയില്‍ കോണ്‍ഗ്രസ് ജില്ല അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, അഡ്വ. മുഹനുദ്ദീന്‍, അഡ്വ. വിനോദ് സെന്‍, ജോസ് ഫ്രാങ്ക്‌ളിന്‍, സുമകുമാരി, കൗണ്‍സിലര്‍മാരായ കെ. ലളിത, ഗ്രാമം പ്രവീണ്‍, കോണ്‍ഗ്രസ് നേതാക്കളായ എം.ആര്‍ സൈമന്‍, മുന്‍ എം.എല്‍.എ ആര്‍. സെല്‍വരാജ് , അഡ്വ. അജയകുമാര്‍, അമരവിള സുദേവന്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."