സി.ഐ.ടി.യു തൊഴിലാളികളെ അറസ്റ്റ് ചെയ്ത സി.ഐക്കെതിരേ നടപടി: പൊലിസ് സേനക്കുള്ളില്‍ അമര്‍ഷം
സ്വന്തം ലേഖകന്‍
കോഴിക്കോട്: സി.ഐ.ടി.യു തൊഴിലാളികളെ അറസ്റ്റ് ചെയ്ത എസ്.ഐയെ സ്ഥലംമാറ്റിയ സംഭവത്തില്‍ പൊലിസ് സേനക്കുള്ളില്‍ അമര്‍ഷം ശക്തമാകുന്നു. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പൊലിസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റില്ലെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുമെന്നും സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് സി.ഐ.ടി.യു തൊഴിലാളികളെ അറസ്റ്റ് ചെയ്തതിന്റെ ഭാഗമായുള്ള നടപടിയെന്നോണം കസബ സി.ഐ പി. പ്രമോദിനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. പകരം കസബയിലേക്കു നിയമിച്ചതാകട്ടെ സി.പി.എം നേതാവിന്റെ അടുത്ത ബന്ധുവിനേയും. കാസര്‍കോട്ടെ കോസ്റ്റല്‍ പൊലിസിലേക്കാണ് പ്രമോദിനു സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ചു എസ്.എയെ മര്‍ദിച്ചതിന് കസ്റ്റഡിയിലെടുത്ത സി.ഐ.ടി.യു നേതാവ് റിയാസിനെ ചുമട്ടുതൊഴിലാളികള്‍ മോചിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സി.ഐ പ്രമോദിനെതിരേ സി.പി.എം നേതൃത്വം തിരിയുന്നത്. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു സംഭവം. സിറ്റി ട്രാഫിക്കില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ് കൊയിലാണ്ടിയിലേക്കു പേകാന്‍ കണ്ണൂരിലേക്കുള്ള സ്വകാര്യ ബസില്‍ കയറിയ കസബ എസ്.ഐ ബാബുരാജും സി.ഐ.ടി.യു തൊഴിലാളി നേതാവ് റിയാസും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. ചുമടു കയറ്റുന്നതിനിടെ പിന്‍സീറ്റില്‍ ഇരുന്ന എസ്.ഐയുടെ കാലില്‍ തട്ടി. ഇതു ചോദ്യം ചെയ്ത എസ്.ഐയെ ബസില്‍ നിന്ന് തള്ളുകയും വലിച്ച് പുറത്തേക്കു കൊണ്ടുപോവുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
മര്‍ദനമേറ്റ പൊലിസുകാരന് കസബ സി.ഐക്കു പരാതി നല്കി. തുടര്‍ന്ന് കസബ സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലിസെത്തി റിയാസിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ തടഞ്ഞു. തുടര്‍ന്ന് പൊലിസുമായി സംഘര്‍ഷമുണ്ടായി. സംഭവ സ്ഥലത്തുവച്ചു തന്നെ മൂന്നു തൊഴിലാളികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് റിയാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയതിനെ തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങി. പൊലിസിനെ സംഘം ചേര്‍ന്നു മര്‍ദിച്ചതിനും അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിനും ഉള്‍പ്പെടെയാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
സംഭവത്തില്‍ പ്രമോദിനും അസി. കമ്മിഷണര്‍ കെ.പി അബ്ദുല്‍ റസാഖിനുമെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി രംഗത്തു വന്നിരുന്നു. ഇതാണ് സി.ഐയുടെ സ്ഥലംമാറ്റത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ശക്തമായ നടപടിയുമായി മുന്നോട്ടുപോയതെന്നാണ് പൊലിസിന്റെ വാദം. നിലവില്‍ പുതിയ ബസ്റ്റാന്‍ഡ് സ്ത്രീ സൗഹൃദമാക്കിയതുള്പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ കസബ സി.ഐയുടെ നേതൃത്വത്തില്‍ നടന്നുവരവേയാണ് സ്ഥലംമാറ്റം. കീഴ് ഉദ്യോഗസ്ഥന്റെ പരാതി പ്രകാരമാണ് സി.ഐ.ടി.യു നേതാക്കള്‍ക്കെതിരേ സി.ഐ നടപടി എടുത്തത് എന്നിരിക്കേ ശിക്ഷാ നടപടി പോലെ വന്ന സ്ഥലംമാറ്റം പൊലിസിന്റെ മനോവീര്യം തകര്‍ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."