ബ്ലാക്ക് ഡോളര്‍ തട്ടിപ്പ്; രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍
പെരിന്തല്‍മണ്ണ: കെമിക്കല്‍ പദാര്‍ഥം ഉപയോഗിച്ച് ബ്ലാക്ക് പേപ്പറില്‍ നിന്നും അമേരിക്കന്‍ ഡോളര്‍ നിര്‍മിക്കാമെന്ന വ്യാജേന പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തിവന്ന സംഭവത്തില്‍ രണ്ടുപേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പള്ളിക്കുന്ന് സ്വദേശി പൂവ്വത്തുംമൂട്ടില്‍ സൈനുദ്ദീന്‍ (60), തൃശൂര്‍ ജില്ലയിലെ കാനാട്ടുകര സ്വദേശി കാരക്കടവീട്ടില്‍ ജയന്‍ (53) എന്നിവരാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പിമോഹന്‍ചന്ദ്രന്റെയും സംഘത്തിന്റെയും പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ ഹോട്ടല്‍മുറിയെടുത്ത് താമസമാക്കിയിരുന്ന സംഘം വിജിലന്‍സ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന പണമിടപാട് നടത്തിയാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്. സംഘത്തിന്റെ തട്ടിപ്പ് രീതിയെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: റിയല്‍ എസ്റ്റേറ്റിലും മറ്റും പണമിടപാട് നടത്തുന്നവരുമായി സംഘത്തിലെ തൃശൂര്‍ സ്വദേശി ജയന്‍ വിജിലന്‍സ് ഓഫിസറാണെന്ന് സ്വയംപരിചയപ്പെടുത്തി ബന്ധം സ്ഥാപിക്കും. തുടര്‍ന്ന് അമേരിക്കന്‍ ബ്ലാക്ക് പേപ്പര്‍ തങ്ങളുടെ കൈവശമുണ്ടെന്നും മറ്റുരാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കാന്‍ വേണ്ടിയാണ് തിരിച്ചറിയാനാകാത്ത വിധത്തില്‍ ഡോളര്‍ ബ്ലാക്ക് പേപ്പറായി അവിടേക്ക് കടത്തുന്നതെന്നും ഒരുപ്രത്യേക കെമിക്കല്‍ പദാര്‍ഥം ഉപയോഗിച്ച് കഴുകിയാല്‍ ഈ പേപ്പര്‍ ഡോളറായി മാറുമെന്നും പറഞ്ഞു വിശ്വസിപ്പിക്കും. ഇത്തരത്തിലുള്ള ബ്ലാക്ക് പേപ്പറിന്റെ കെട്ടുകള്‍ നല്‍കി വിപണി മൂല്യത്തിന്റെ പകുതിവില നല്‍കിയാല്‍ ഡോളറാക്കി മാറ്റാനുള്ള കെമിക്കല്‍ എത്തിച്ചു നല്‍കാമെന്ന് ഉറപ്പും നല്‍കി പണം വാങ്ങി കടന്നുകളയും.
തട്ടിപ്പിനിരയായവര്‍ തങ്ങള്‍ക്കുപറ്റിയ അബദ്ധം പുറത്തുപറയാന്‍ തയാറാകാറില്ലെന്നും ഇത് സംഘത്തിന് തട്ടിപ്പ് തുടരാന്‍ കൂടുതല്‍ പ്രചോദനമാകുന്നുവെന്നും പൊലിസ് പറഞ്ഞു.
ഡോളര്‍ കൊടുക്കാമെന്ന് പറഞ്ഞു പെരിന്തല്‍മണ്ണ സ്വദേശിയില്‍ നിന്ന് 10,000 രൂപ അഡ്വാന്‍സ് വാങ്ങിയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ഇന്നലെ പ്രതികള്‍ വലയിലായത്. കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നുള്‍പ്പടെ അന്വേഷിച്ച് വരുന്നതായി പൊലിസ് അറിയിച്ചു.
പെരിന്തല്‍മണ്ണ സി.ഐ. ടി.എസ്.ബിനുമുത്തേടം, വനിതാ എസ്.ഐ. രമ, ഉദ്യോഗസ്ഥരായ സി.പി.മുരളീധരന്‍, പി.എന്‍.മോഹനകൃഷ്ണന്‍, എന്‍.ടി.കൃഷ്ണകുമാര്‍, മനോജ്കുമാര്‍, ഷാജി, പി.അനീഷ്, അജീഷ്, ദിനേശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."