രോഗിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ് യുവതി പിടിയില്‍
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ വയോധികയായ രോഗിയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ് നാടോടി യുവതിയെ നാട്ടുകാരും ആശുപത്രി ജീവനക്കാരും പിടികൂടി പൊലിസിലേല്‍പ്പിച്ചു. തമിഴ്നാട് പാരാപ്പെട്ടി സ്വദേശിനി പാണ്ഡിശെല്വി (35)യെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. പരിശോധനയ്ക്കെത്തിയ ഇരിട്ടി കല്ലുവയല്‍ സ്വദേശിനി മീനാക്ഷിയുടെ മാലയാണ് രോഗിയെന്ന വ്യാജേന ക്യൂ നിന്ന് പാണ്ഡിശെല്വി കവരാന്‍ ശ്രമിച്ചത്. മുമ്പും സമാനമായ രീതിയില്‍ ചികിത്സ തേടിയെത്തിയ രോഗികളുടെ മാല മോഷണം പോയിരുന്നു. സംഭവത്തില്‍ രണ്ട് നാടോടി സ്ത്രീകളെ പിടികൂടിയിരുന്നു. ഇന്നലെ പാണ്ഡിശെല്വി ക്യൂവില്‍ നില്ക്കുമ്പോള് തന്നെ റിസപ്ഷനിലെ ജീവനക്കാര്‍ ഇവരുടെ ചലനങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ആശുപത്രിയില്‍നിന്നു ഇറങ്ങിയോടാന്‍ ശ്രമിച്ച ഇവരെ അര കിലോമീറ്ററോളം ദൂരത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പിന്തുടര്ന്നാണ് പിടികൂടിയത്. കണ്ണൂര്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിച്ചാണ് ഇവര്‍ മോഷണത്തിനിറങ്ങുന്നതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."