തൃക്കരിപ്പൂര്‍ പോളി: സംരക്ഷണ സമിതി തീരുമാനങ്ങള്‍ക്ക് പുല്ലുവില
തൃക്കരിപ്പൂര്‍: നിരന്തരം വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്ന തൃക്കരിപ്പൂര്‍ പോളിയില്‍ സമാധാനത്തിനായി രൂപം കൊണ്ട സംരക്ഷണ സമിതി തീരുമാനങ്ങള്‍ പ്രിന്‍സിപ്പല്‍ അട്ടിമറിക്കുന്നതായി ആരോപണം. കോളജ് കാംപസിനകത്തുള്ള കൊടി-തോരണങ്ങളും ചുവരെഴുത്തുകളും നീക്കം ചെയ്യാന്‍ ഫെബ്രുവരി അഞ്ചിനു ചേര്‍ന്ന പി.ടി.എ ജനറല്‍ ബോഡിയുടെ തീരുമാനങ്ങളും അതിനു ശേഷം ചേര്‍ന്ന കോളജ് സംരക്ഷണ സമിതിയുടെയും തീരുമാനങ്ങളും പ്രിന്‍സിപ്പല്‍ അട്ടിമറിക്കുന്നുവെന്നാണ് ആരോപണം.
മാര്‍ച്ച് 31നകം കോളജ് കാംപസിനകത്തെ മുഴുവന്‍ കൊടി-തോരണങ്ങളും ചുവരെഴുത്തുകളും നീക്കം ചെയ്യാന്‍ പ്രിന്‍സിപ്പലിന് അധികാരം നല്‍കിയിരുന്നു. 226 പേര് പങ്കെടുത്ത പി.ടി.എ ജനറല്‍ ബോഡിയോഗത്തില്‍ കാംപസിനകത്തെ കൊടി-തോരണങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.
കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി സംരക്ഷണ സമിതി രൂപികരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ സംരക്ഷണ സമിതി രൂപീകരിക്കാന്‍ വിളിച്ച യോഗത്തില്‍ എം.എല്‍.എ ഉള്‍പ്പടെയുള്ള സി.പി.എം പ്രതിനിധികള്‍ സംബന്ധിച്ചിരുന്നില്ല. ഈ യോഗത്തിലാണ് അന്തിമമായി മാര്‍ച്ച് 31നകം കൊടി-തോരണങ്ങളും ചുവരെഴുത്തുകളും മാറ്റാന്‍ തീരുമാനമായത്.
കോളജ് കാംപസില്‍ എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കല്‍, മറ്റു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘര്‍ഷത്തിനു കാരണമാകുകയും പഠനം മുടങ്ങുന്നതു പതിവായതോടെയുമാണു കെ.പി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം പ്രിന്‍സിപ്പലിനെ കണ്ടത്.
പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നില്ലെങ്കില്‍ നിയമനടപടിയുമായി യു.ഡി.എഫ് മുന്നോട്ടുപോകുമെന്ന് അറിയിച്ചതോടെയാണ് ഫെബ്രുവരി അഞ്ചിന് പി.ടി.എ ജനറല്‍ ബോഡിയോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."