അധിനിവേശത്തിന്റെ ഭാഷ
ഒരു ജനതയുടെ
ആവതില്ലായ്മയിലേക്ക്
നിരന്തരം
പ്രഹരച്ചൂടെറിഞ്ഞ്
അധികാരഭ്രാന്തിന്റെ
ആക്രമണകുതിപ്പുകള്‍
മധ്യധരണ്യാഴിയിലെ
മണല്‍ക്കൂനകള്‍ക്കു മുകളില്‍
സാമ്രാജ്യത്വത്തിന്റെ
കൊതിക്കണ്ണുകള്‍.
നീതിനിഷേധിക്കപ്പെട്ടവന്റെ
നിലവിളികളെ
തൊണ്ടക്കുഴിയിലിട്ടു കൊല്ലുന്ന
ഏകാധിപതി.
പൈതൃകചിഹ്നങ്ങള്‍
തല്ലിയുടച്ചും
സംസ്‌കാരങ്ങളെ
കീറിമുറിച്ചും
ഒരു തലമുറയുടെ
തിരുശേഷിപ്പിനെ
മാനഭംഗപ്പെടുത്തുന്നവര്‍.
തീമഴയില്‍
ഉരുകി മരിക്കുന്ന
പൈതലുകള്‍
സഹായക സംഘങ്ങളുടെ
വിചിത്രവികാരങ്ങള്‍ക്ക്
അടിമപ്പെടേണ്ടി വരുന്ന
മാതൃത്വങ്ങള്‍.
ചുടലക്കളം പോല്‍
നിന്നുകത്തുന്നു സിറിയ.
കണ്ടിട്ടും കാണാതെ
കേട്ടിട്ടും കേള്‍ക്കാതെ
നാമിപ്പോഴും
അടച്ചിട്ട മുറികളില്‍
വാര്‍ത്തകള്‍ തിരയുന്ന തിരക്കിലാണ്.
നമ്മുടെയാകാശത്ത്
നക്ഷത്രങ്ങളും
അവരുടെയാകാശത്ത്
ചെരിഞ്ഞിറങ്ങുന്ന
തീപന്തങ്ങളുമാണ്.
അധിനിവേശത്തിന്
എല്ലായിടത്തും
ഒരേ ഭാഷയാണ്
അന്ധമായ ആക്രമണത്തിന്റെ
അടിച്ചമര്‍ത്തലിന്റെ
പിടിച്ചെടുക്കലിന്റെ
കെട്ട ഭാഷ.
കടം കൊണ്ട
യുദ്ധക്കോപ്പുകളാല്‍
സ്വയം തീര്‍ന്നൊടുങ്ങും വരെ
അവരീ ഭാഷ സംസാരിച്ചു കൊണ്ടേയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."