കായല്‍ കൈയേറ്റം; ഫഌറ്റ് നിര്‍മാതാക്കള്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കൊച്ചി: ചെലവന്നൂരില്‍ കായല്‍ കൈയേറി ഡി.എല്‍.എഫ് ഫ്‌ളാറ്റ് നിര്‍മിച്ചെന്ന ആരോപണത്തില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സാങ്കേതികമായി തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ നിന്നാണ് നിര്‍മാണമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
പരിസ്ഥിതി ആഘാത പഠനചട്ടങ്ങള്‍ക്കു വിധേയമായാണ് നിര്‍മാണം. സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ട്. വ്യവസ്ഥാലംഘനമൊന്നുമില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉപദേഷ്ടാവ് ഡോ. എസ്.കെ.സുസര്‍ല നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കൊച്ചിയിലെ ചിലവന്നൂരിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിനെതിരേ കെട്ടിട നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരിഗണിക്കപ്പെടേണ്ട സാങ്കല്‍പ്പിക രേഖ സംബന്ധിച്ച വ്യക്തതയ്ക്കായാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ കേസില്‍ കോടതി കക്ഷിചേര്‍ത്തത്. വേലിയേറ്റരേഖയ്ക്കു സമാന്തരമായി വരയ്ക്കുന്ന സാങ്കല്‍പ്പികരേഖ മലിനജല കനാലിനെ കടന്നുപോകുന്നുണ്ട്.
എന്നാല്‍ സാങ്കല്‍പ്പികരേഖ ജലാശയത്തെ കീറിമുറിക്കരുതെന്ന വ്യവസ്ഥ ഇവിടെ ബാധകമാക്കേണ്ടതില്ല. വീതികുറഞ്ഞതാണ് മലിനജല കനാല്‍. അതിനാല്‍ ഇതു കനാലിനെ മുറിച്ച് കടക്കുന്നതായി കണക്കാക്കാനാകില്ല.
നിര്‍മാണം സാങ്കേതികമായി പൂര്‍ണമായും നിയമവിധേയമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."