സില്‍വ കീഴടങ്ങി; ഇനി 12 വര്‍ഷം തടവില്‍
ബ്രസീലിയ: ആശങ്കകള്‍ക്കൊടുവില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുല ഡ സില്‍വ പൊലിസില്‍ കീഴടങ്ങി. സാവോപോളോയ്ക്കടുത്ത് അദ്ദേഹം താമസിച്ചിരുന്ന പാര്‍ട്ടി ഓഫിസില്‍ വച്ചാണ് പൊലിസിനു പിടികൊടുത്തത്. നേരത്തെ ഇവിടെ തടിച്ചുകൂടിയ അനുയായികള്‍ കീഴടങ്ങുന്നതില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചിരുന്നു.
അദ്ദേഹത്തെ അറസ്റ്റ് ചെയ്ത പൊലിസ് തെക്കന്‍ നഗരമായ ക്യൂറിറ്റിബയില്‍ ലുല ഡ സില്‍വയെ എത്തിച്ചു. തുടര്‍ന്ന് ഫെഡറല്‍ പൊലിസ് ആസ്ഥാനത്ത് എത്തിച്ചാണ് അദ്ദേഹത്തിന്റെ തടവുശിക്ഷാ നടപടികള്‍ കൈക്കൊണ്ടത്.
ഇതിനു പുറത്ത് സില്‍വയുടെ അനുയായികളും പൊലിസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്ന് ഗ്രനേഡ്, കണ്ണീര്‍ വാതകം, റബര്‍ ബുള്ളറ്റ് എന്നിവ പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ പൊലിസ് ആട്ടിയോടിച്ചത്.കീഴടങ്ങുന്നതിനു മുന്‍പ് സാവോപോളയില്‍ സില്‍വ താമസിച്ച യൂനിയന്‍ കെട്ടിടത്തിനു മുന്നില്‍ തടിച്ചുകൂടിയ ആയിരക്കണക്കിനു വരുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്തു. തന്റെ നിരപരാധിത്വം വിളിച്ചുപറഞ്ഞ അദ്ദേഹം തനിക്കെതിരായ അഴിമതി ആരോപണം തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്നും വ്യക്തമാക്കി.
താന്‍ നിയമത്തിന് അതീതനല്ലെന്നും നിയമം അനുസരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമത്തില്‍ വിശ്വാസമില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനു പകരം ഒരു വിപ്ലവത്തിനു തുടക്കമിടുകയായിരുന്നു താന്‍ ചെയ്യുകയെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു.സില്‍വയുടെ രാഷ്ട്രീയജീവിതത്തിനു തന്നെ തിരശ്ശീലയിടുന്നതാണ് അദ്ദേഹത്തിനെതിരായ അഴിമതി കേസ്. വിവിധ അഴിമതി കേസുകളിലായി 12 വര്‍ഷമാണ് ബ്രസീല്‍ സുപ്രിംകോടതി അദ്ദേഹത്തിനു തടവുശിക്ഷ വിധിച്ചിരിക്കുന്നത്.
എന്നാല്‍, വിധി അംഗീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. തുടര്‍ന്ന് സുപ്രിംകോടതിയില്‍ റിവ്യു ഹരജി നല്‍കുകയും ചെയ്തു. വെള്ളിയാഴ്ച ഹരജി തള്ളിയ കോടതി അദ്ദേഹത്തോട് 24 മണിക്കൂറിനകം പൊലിസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."