അഴിമതിക്കേസ്: ഒത്തുതീര്‍പ്പിനു വഴങ്ങാത്തവരുടെ വിചാരണ ആരംഭിച്ചു
റിയാദ്: സഊദിയില്‍ കഴിഞ്ഞവര്‍ഷം അഴിമതിക്കേസില്‍ പിടികൂടിയവരില്‍ ഒത്തുതീര്‍പ്പിനു വഴങ്ങാത്തവരുടെ കേസില്‍ തുടര്‍നടപടികളുടെ ഭാഗമായുള്ള വിചാരണ ആരംഭിച്ചു.
അഴിമതിവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പിടികൂടിയ രാജകുമാരന്‍മാര്‍, മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവരില്‍ അധികൃതരുമായി വിവിധ ഘട്ടങ്ങളില്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിനു സഹകരിക്കാത്തവരുടെ കേസുകളാണ് തുടര്‍നടപടികള്‍ക്കായി കൈമാറിയതെന്ന് പബ്ലിക് പ്രോസിക്യുട്ടര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സഊദി കിരീടാവകാശിയുടെ ഉത്തരവില്‍ നിരവധി പേരെ പിടികൂടിയത്. ലോക കോടീശ്വര പട്ടികയിലെ പ്രമുഖനും അറബ് ലോകത്തെ കോടീശ്വരനും ബിസിനസ് പ്രമുഖനുമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍, രാജകുടുംബത്തിലെ പ്രമുഖനും മുന്‍ രാജാവായിരുന്ന അന്തരിച്ച അബ്ദുല്ല രാജാവിന്റെ ഇഷ്ട പുത്രനും നാഷനല്‍ ഗാര്‍ഡിന്റെ മുന്‍ തലവന്‍ കൂടിയായിരുന്ന മിതൈബ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനടക്കമുള്ളവരെയായിരുന്നു തടവിലാക്കിയിരുന്നത്. എന്നാല്‍, ഇരുവരുമടക്കം പലരും സഊദി ഭരണകൂടവുമായി ഒത്തുതീര്‍പ്പിലെത്തി തടവില്‍ നിന്നും പുറത്തുവന്നിരുന്നു. പലരും അഴിമതി വിരുദ്ധ സേന കണ്ടെത്തിയ പണം പൊതു ഖജനാവിലേക്ക് തിരിച്ചടച്ചാണ് പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."