'ഇന്റര്‍വെല്‍' കഴിഞ്ഞു; ഉടന്‍ ബെല്ലടിക്കും!
കൊണ്ടോട്ടി: അടച്ചുപൂട്ടിയ പുളിക്കല്‍ ഒളവട്ടൂര്‍ മങ്ങാട്ടുമുറി സ്കൂളിന്റെ സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു തുക അനുവദിച്ച് ഉത്തരവായി. മാനേജര്‍ ടി.പി മുനീറയ്ക്കു 63,89,645 രൂപ നഷ്ടപരിഹാരമായി നല്‍കിയാണ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
ഇതോടെ സ്കൂളിലെ കെട്ടിടമടക്കമുള്ള വസ്തുക്കള്‍ സര്‍ക്കാരിന്റേതാകും. സ്കൂള്‍ അടുത്ത ജൂണ്‍ മുതല്‍ സ്ഥിരം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനാകും. കെട്ടിടവും സ്ഥലവും കേരളാ എജ്യൂക്കേഷന്‍ റൂള്‍ അനുസരിച്ചു വില നിശ്ചയിച്ചു മാനേജരില്‍നിന്ന് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, അടച്ചുപൂട്ടിയ സ്കൂളിനു കെ.ഇ.ആര് ബാധകമാകില്ലെന്നും നിലവില്‍ സ്വകാര്യ വസ്തുവായ കെട്ടിടവും സ്ഥലവും ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരം ഏറ്റെടുക്കണമെന്നും വാദിച്ച് മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ വാദം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും തള്ളിയതിനെ തുടര്‍ന്നു മാനേജര്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും സുപ്രിം കോടതിയുടെ വിധിയും സര്‍ക്കാരിന് അനുകൂലമായിരുന്നു. ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടി മാനേജര്‍ ഹൈക്കോടതിയില്‍ നല്കിയ പരാതിയിലാണ് 2016 ജൂണ്‍ ആറിനു സ്കൂള്‍ അടച്ചുപൂട്ടിയത്. പ്രതിഷേധത്തെ തുടര്‍ന്നു പിന്നീട് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും സ്ഥിരം കെട്ടിടവും അനുബന്ധ സൗകര്യവും ഒരുക്കാനായിരുന്നില്ല. പുതിയേടത്തുപറമ്പിലെ ഇഹ്യാഉല്‍ ഉലൂം മദ്റസയിലാണ് സ്കൂള്‍ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."