ടാക്‌സ് ലൈസന്‍സ്, ഫീസ് രസീത് ദുരുപയോഗം; കര്‍ശന നടപടിയുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍
തൊടുപുഴ: റദ്ദ് ചെയ്ത ടാക്‌സ് ലൈസന്‍സ് (ടോക്കണ്‍), ഫീസ് രസീത് എന്നിവയുടെ ദുരുപയോഗം തടയാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്ന ഈ ഗുരുതര തെറ്റ് തടയാന്‍ ഏഴിന നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലറാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്‍ പുറപ്പെടുവിച്ചത്.
മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളിലെ വിവിധ സേവനങ്ങള്‍ക്കായി റദ്ദ് ചെയ്ത ഫീസ് രസീതുകള്‍, ഫീല്‍ഡില്‍ സ്വീകരിക്കുന്ന ഫീസുകള്‍ എന്നിവയുടെ വ്യാപകമായ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ അടിയന്തര ഇടപെടല്‍.
ഒരു പ്രാവശ്യം റദ്ദ് ചെയ്ത ടാക്‌സ് ലൈസന്‍സ്, ഫീസ് രസീത് എന്നിവ യാതൊരു കാരണവശാലും മറ്റ് സര്‍വിസുകള്‍ക്കായി മാറ്റം വരുത്തി ഉപയോഗിക്കാന്‍ പാടുള്ളതല്ല. ടാക്‌സ് ലൈസന്‍സ്, ഫീസ് രസീത് എന്നിവ റദ്ദാക്കുന്നത് ഹെഡ് അക്കൗണ്ടന്റിന്റെ അനുമതിയോടെ ആയിരിക്കണം. മാത്രമല്ല, റദ്ദ് ചെയ്യുന്നതിനുള്ള കാരണം രസീതില്‍ രേഖപ്പെടുത്തുകയും ബന്ധപ്പെട്ട ക്ലര്‍ക്ക്, ഹെഡ് അക്കൗണ്ടന്റ്, ഓഫിസ് മേലധികാരി എന്നിവര്‍ പ്രസ്തുത രസീതില്‍ ഒപ്പിടുകയും വേണം. ടാക്‌സ് ലൈസന്‍സ്, ഫീസ് രസീത് എന്നിവ റദ്ദാക്കിയത് സംബന്ധിച്ച വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കണം.
ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സ്റ്റോക്ക് കൈകാര്യം ചെയ്യുന്ന ക്ലര്‍ക്ക് തിയതി ക്രമത്തില്‍ ടാഗ് ചെയ്ത് സൂക്ഷിക്കേണ്ടതും എല്ലാ മാസവും ഓഫിസ് അധികാരിക്ക് ഹാജരാക്കേണ്ടതുമാണ്. ഓഫിസ് മേലധികാരി റദ്ദാക്കിയ ടാക്‌സ് ലൈസന്‍സ്, ഫീസ് രസീത് എന്നിവ രജിസ്റ്ററുമായി ഒത്തുനോക്കുകയും അക്കൗണ്ട് കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രസ്തുത വിവരം രജിസ്റ്ററില്‍ സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. ഇന്റേണല്‍ ഓഡിറ്റ്, ലോക്കല്‍ ഓഡിറ്റ് ടീമുകള്‍ സമക്ഷം റദ്ദാക്കിയ ടാക്‌സ് ലൈസന്‍സ്, ഫീസ് രസീത് എന്നിവ ഹാജരാക്കണം. കൗണ്ടര്‍ ഫോയില്‍ ഇല്ലെങ്കില്‍ അതിനുള്ള കാരണം രജിസ്റ്ററിലും ടാക്‌സ് ലൈസന്‍സ്, ഫീസ് രസീത് എന്നിവയിലും രേഖപ്പെടുത്തേണ്ടതാണ്. താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഓഫിസ് മേലധികാരികള്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."