അവിശ്വാസ പ്രമേയം പരിഗണിക്കാതിരുന്നത് ഭരണഘടനാ ലംഘനം: ടി.ഡി.പി ആചാരി
കാസര്‍കോട്: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം ലോക്സഭാ സ്പീക്കര്‍ പരിഗണിക്കാതിരുന്നത് ഭരണഘടനാ ലംഘനമാണെന്ന് ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ ടി.ഡി.പി ആചാരി. സ്വകാര്യ ചടങ്ങുകള്‍ക്കായി കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മന്ത്രിസഭ പാര്‍ലമെന്റിനോട് ഉത്തരവാദിത്തമുള്ളതായിരിക്കണം. സഭയ്ക്ക് വിശ്വാസമുള്ളിടത്തോളം മാത്രമോ കേന്ദ്രമന്ത്രിസഭയ്ക്ക് നിലനില്ക്കാന് പറ്റുകയുള്ളൂ. അവിശ്വാസപ്രമേയം എന്ന നടപടി ഓരോ അംഗത്തിനും ആവശ്യപ്പെടാവുന്നതാണ്. അവിശ്വാസപ്രമേയമൊഴിച്ച് മറ്റ് പ്രമേയങ്ങളെല്ലാം സ്പീക്കര്‍ക്ക് തള്ളാനോ കൊള്ളാനോ അവകാശമുണ്ട്. എന്നാല്‍ അവിശ്വാസം തള്ളാനോ കൊള്ളാനോ സ്പീക്കര്‍ക്ക് അവകാശമില്ല. അവിശ്വാസപ്രമേയത്തിന് സഭയാണ് അവകാശം നല്‍കേണ്ടത്. അവിശ്വാസപ്രമേയ നോട്ടിസ് സ്പീക്കര്‍ക്ക് ലഭിച്ചാല്‍ അത് ഉടന്‍ സഭയ്ക്ക് മുന്നില്‍ കൊണ്ടുവരേണ്ടത് സ്പീക്കറുടെ ബാധ്യതയാണ്. അത് ചെയ്യുന്നില്ലെങ്കില്‍ തെറ്റായ കീഴ്വഴക്കമാണ്. വലിയ ബഹളമാണെന്നൊക്കെ പറഞ്ഞ് അവിശ്വാസ പ്രമേയ നോട്ടിസ് മാറ്റിവയ്ക്കാനൊന്നും പറ്റില്ല. അങ്ങനെ ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തില്‍ അടിക്കടി അവിശ്വാസ പ്രമേയം കൊണ്ടുവന്നതെല്ലാം അന്ന് സഭ പരിഗണിച്ചിരുന്നുവെന്നും ആചാരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."