ധനകാര്യ കമ്മിഷന്‍ പരിഗണനാ വിഷയങ്ങള്‍ ഫെഡറലിസത്തിനു ഭീഷണി: മന്ത്രി ഐസക്
തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ ഫെഡറല്‍ സംവിധാനത്തിനു ഭീഷണിയാണെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. സംസ്ഥാനങ്ങളുടെ അധികാരങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കം കമ്മിഷന്‍ നിര്‍ദേശങ്ങളിലുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ധനകാര്യ കമ്മിഷന്‍ തീര്‍പ്പിന് 1971ലെ കാനേഷുമാരി പ്രകാരമുള്ള ജനസംഖ്യാ കണക്കുകളാണ് പരിഗണിച്ചുവരുന്നത്. 1977ലെ കുടുംബാസൂത്രണ നയത്തിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ കൈക്കൊള്ളുന്ന സംസ്ഥാനങ്ങള്‍ക്കുള്ള ഇന്‍സെന്റീവ് ആയാണ് ഇതു തീരുമാനിച്ചത്. എന്നാല്‍, 2011ലെ കണക്ക് ആധാരമാക്കാനാണ് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തില്‍ ഗണ്യമായ നേട്ടം കൈവരിച്ച തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇതു വലിയ നഷ്ടമുണ്ടാക്കും.
റവന്യൂ കമ്മി നികത്താനുള്ള ഗ്രാന്റ് തുടരണോ എന്ന് കമ്മിഷന്‍ പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ തനതു വരുമാനം കുറയുകയും ചെലവുകള്‍ കൂടുകയും ചെയ്യുന്ന ഘട്ടത്തില്‍ റവന്യൂ കമ്മി നികത്താനുള്ള ഗ്രാന്റ് തുടരേണ്ടതില്ലെന്ന തീരുമാനം സംസ്ഥാനങ്ങളുടെ ചെലവുചെയ്യല്‍ ശേഷിയെ ഗണ്യമായി ചുരുക്കും.
അനുവദനീയമായ ധനക്കമ്മി പരിധി കേന്ദ്രത്തിന്റേത് രണ്ടര ശതമാനവും സംസ്ഥാനത്തിന്റേത് 1.7 ശതമാനവുമായി താഴ്ത്താനാണ് ധന ഉത്തരവാദിത്ത നിയമം അവലോകന സമിതിയുടെ ശുപാര്‍ശ. ധനക്കമ്മി ഇപ്രകാരം ചുരുക്കിയാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ ചെലവുചെയ്യല്‍ ശേഷി ഗണ്യമായി ചുരുങ്ങും.
പരിഗണനാ വിഷയങ്ങളിലെ ആശങ്കകളും അഭിപ്രായങ്ങളും പങ്കുവയ്ക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ആറു വിഷയങ്ങളായിരിക്കും യോഗത്തില്‍ ചര്‍ച്ചയാവുക.
തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളുടെയും പുതുച്ചേരിയുടെയും ധനമന്ത്രിമാര്‍ യോഗത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. തെലങ്കാനയും യോഗത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന യോഗം രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."