ജോലിയും ഭക്ഷണവുമില്ല; അന്യസംസ്ഥാന തൊഴിലാളി റോഡില്‍ ആത്മഹത്യക്ക് ശ്രമിച്ചു
കൊണ്ടോട്ടി: ജോലിയും ഭക്ഷണവുമില്ലാതായതോടെ അന്യസംസ്ഥാന തൊഴിലാളി റോഡില്‍ ആത്മഹത്യക്ക് ശ്രമിച്ചു. നാട്ടുകാരുടേയും പൊലിസിന്റെയും അവസരോചിത ഇടപെടല്‍ മൂലം ജീവന് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9 മണിയോടെ കൊണ്ടോട്ടി തുറക്കല്‍ എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം.
ഒഡീഷ നവരംഗപ്പൂര് സ്വദേശി മഹിറാന് കലാന്(30)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊടിഞ്ഞിയില്‍ താമസിച്ചുവരികയായിരുന്ന കലാന് ജോലിയില്ലാതായതോടെയാണ് തൊഴില്‍ തേടി തുറക്കലിലുള്ള കൂട്ടുകാരെ തേടിയെത്തിയത്. റോഡില്‍ വച്ച് സുഹൃത്തുക്കളെ കണ്ടെത്തുകയും ചെയ്തു. ജോലിയില്ലെന്നും പണമില്ലാത്തതിനാല്‍ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും പറയുന്നതിനിടെയാണ് ഇയാള്‍ കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതോടെ കൂടെയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. കഴുത്തില്‍ മുറിവേറ്റ് റോഡില്‍ വീണ കലാനെ ഉടന്‍ നാട്ടുകാരും പൊലിസും ചേര്‍ന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
കലാനെ കഴുത്തറുത്ത് കൂട്ടുകാര്‍ രക്ഷപ്പെട്ടതാണെന്ന നിഗമനത്തിലായിരുന്നു പൊലിസും നാട്ടുകാരും. തുടര്‍ന്ന് മണിക്കൂറുകളോളം പ്രദേശം പരിശോധിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നീട് സുഹൃത്തുക്കളോട് രൂപ സാദൃശ്യമുള്ള രണ്ടുപേരെ ചോദ്യം ചെയ്തെങ്കിലും തുമ്പായില്ല. ഇതിനിടയിലാണ് ചികിത്സയില്‍ കഴിയുന്ന കലാന് ബോധം തിരിച്ചു കിട്ടിയതോടെ സംഭവം പുറത്ത് പറയുന്നത്. ജോലിയും ഭക്ഷണവുമില്ലാതെ മനോനില തെറ്റിയതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇയാള്‍ പൊലിസില്‍ മൊഴിനല്‍കി. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."