തീവണ്ടിക്കു മുന്നില്‍ പെട്ടയാളെ സ്വന്തം ജീവന്‍ പണയം വച്ച് രക്ഷപ്പെടുത്തി എ.എസ്.ഐ
ആലുവ: ട്രാക്കില്‍ തീവണ്ടിക്കു മുന്നല്‍ പകച്ചു നിന്ന യാത്രക്കാരന് സ്വന്തം ജീവന്‍ പോലും പണയം വച്ച് പൊലിസുകാരന്‍ രക്ഷകനായി. ആലുവ റെയില്‍വേ സ്‌റ്റേഷനിലാണ് കാണികളെ പരിഭ്രാന്തരാക്കിയ രംഗം അരങ്ങേറിയത്. വയനാട് വേങ്ങൂര്‍ സ്വദേശി മനോജി (55) നെയാണ് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ എ.എസ്.ഐ സിദ്ദിഖ് രക്ഷപ്പെടുത്തിയത്. വയനാട്ടിലേക്ക് പോകാന്‍ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു മനോജ്. കോഴിക്കോട്ടേക്കുള്ള ട്രെയിനിനായി മൂന്നാമത്തെ ഫ്‌ലാറ്റ്‌ഫോമിക്ക് ട്രാക്ക് മുറിച്ചുകടക്കാനുള്ള ശ്രമത്തിലായിരുന്നു മനോജ്. മൂന്നമത്തെ ഫ്‌ലാറ്റ് ഫോമില്‍ എളുപ്പത്തില്‍ എത്താന്‍ വേണ്ടിയായിരുന്നിത്.
ഈ സമയത്താണ് ഒന്നാം നമ്പര്‍ ട്രാക്കിലേക്ക് മംഗള എക്‌സ്പ്രസ് പാഞ്ഞടുത്തത്. ആളുകള്‍ ബഹളം വച്ച് ട്രയില്‍ വരുന്നതായി മനോജിനെ അറിയിച്ചു. തിരിഞ്ഞു നോക്കിയ മനോജിന് തീവണ്ടിവരുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. ട്രാക്കില്‍ അനങ്ങാന്‍ കഴിയാതെ നിശ്ചലനായിപ്പോയ മനോജിനെ ഫ്‌ലാറ്റ് ഫോമില്‍ നിന്ന് സിദ്ദിഖ് സര്‍വശക്തിയുമെടിത്ത് കൈയില്‍ പിടിച്ച് മുകളിലേക്ക് ആഞ്ഞുവലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. വലിയുടെ ശക്തിയില്‍ ഇരുവരും ഫ്‌ലാറ്റ് ഫോമിലേക്ക് വീണു. തൊട്ടടുത്ത നിമിഷം ഹോണ്‍മുഴക്കി മംഗള എക്‌സ്പ്രസ് അവര്‍ക്കരികിലൂടെ കടന്നു പോകുകയും ചെയ്തു. ശ്വാസം അടക്കിപിടിച്ചാണ് ആളുകള്‍ ഈ രംഗത്തിന് സാക്ഷിയായത്. ആളുകള്‍ സിദ്ദിഖിനെ അഭിനന്ദിച്ചു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ മനോജിനെ യാത്രക്കാര്‍ ആശ്വസിപ്പിച്ചു. കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ സിദ്ദിഖ് കുറുപ്പംപടി പൊലിസ് സ്റ്റേഷനില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ ഒന്നരക്കൊല്ലമായി റെയില്‍വേയില്‍ ജോലിചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."