നാട്ടില്‍ കുടിവെള്ളം കിട്ടാകനി; അന്യസംസ്ഥാന വെള്ളത്തിന് വില 50 രൂപ
കോട്ടയം: കേരളത്തില്‍ കുടിവെള്ളം കിട്ടാക്കനിയാവുന്നു. വേനല്‍ രൂക്ഷമായതോടെ കുടിവെള്ളം വിലകൊടുത്തുവാങ്ങുന്ന മലയാളികള്‍ ഭാവിയില്‍ വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ക്കു നേരെ കണ്ണടയ്ക്കുമ്പോള്‍ ഇവിടെ വളര്‍ന്നു വരുന്ന ഒരു മാഫിയായെ തിരിച്ചറിയാതെ പോകുന്നു.
എന്തിനും ഏതിനും കുപ്പിവെള്ളത്തെ ആശ്രയിക്കുന്ന മലയാളികള്‍ക്കിടയിലേക്ക് ഹിമാചല്‍ പ്രദേശില്‍ നിന്നും എത്തിയിരിക്കുന്ന വെള്ളത്തിന്റെ വില കേട്ടാല്‍ ഞെട്ടും. ലിറ്ററിന് 50 രൂപ. ഹിമാചല്‍ പ്രദേശില്‍ സോളന്‍ ജില്ലയിലെ മഹോദര്‍ ബിവറേജസ് ഉത്പാദിപ്പിക്കുന്ന മിനറല്‍ വാട്ടര്‍ കേരളത്തില്‍ വിറ്റഴിക്കുന്നത് ഇവരുടെ തന്നെ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കോഫീ ഡേ ഗ്ലോബല്‍ ലിമിറ്റഡ് എന്ന കമ്പനി. ഇവരുടെ രാജ്യത്താകമാനമുള്ള കോഫീ ഷോപ്പ് ശൃംഖലയിലൂടെയാണ് കുടിവെള്ളവിതരണം. തുടക്കത്തില്‍ സ്വന്തം കടകളില്‍ മാത്രമാണ് എങ്കിലും ഭാവിയില്‍ ഈ വിലകൂടിയ വെള്ളം കേരളാ വിപണിയിലാകമാനം എത്തിക്കാനുള്ള ആലോചനയും നടക്കുന്നതായാണ് അറിയുന്നത്. അര ലിറ്റര്‍ കുപ്പിയില്‍ നിറച്ച വെള്ളത്തിന് 25 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്.കേരളത്തില്‍ നിലവില്‍ കുപ്പികളില്‍ ലഭിച്ചുവരുന്ന വെള്ളത്തിന് ലിറ്ററിന് പരമാവധി വില 20 രൂപയാണ്.
റയില്‍വേ കാറ്ററിംഗ് സര്‍വ്വീസ് വില്‍ക്കുന്നതാകട്ടെ 15 രൂപയ്ക്കും. 20 രൂപയ്ക്ക് വിപണിയില്‍ ലഭിക്കുന്ന വെള്ളം ഒരു കെയ്‌സ് (12 എണ്ണം) മൊത്തമായി എടുത്താല്‍ 8 രൂപയ്ക്കും കിട്ടും. അതേസമയം റീഫില്‍ ചെയ്ത് നല്‍കുന്ന വലിയ കുപ്പിയിലെ 20 ലിറ്റര്‍ വെള്ളം കേരളത്തിലാകമാനം 50 രൂപയ്ക്ക് ലഭ്യമാകുന്നുമുണ്ട്. വേനല്‍ ആരംഭിച്ചതോടെ 3000 മുതല്‍ 5000 വരെ സംഭരണശേഷിയുള്ള ടാങ്കുകളില്‍ എത്തിക്കുന്ന കുടിവെള്ളത്തിന് ആയിരം രൂപ വരെയാണ് പരമാവധി വില.
ഈ വിധം ലിറ്ററിന് 25 പൈസ പരമാവധി വില കൊടുത്ത് മലയാളികള്‍ വെള്ളം വാങ്ങി ഉപയോഗിക്കുന്നതിനിടയിലേക്കാണ് മനോഹരമായ കുപ്പിയില്‍ നിറച്ച വെള്ളം ലിറ്ററിന് 50 രൂപയ്ക്ക് വില്‍ക്കുന്നത്. അതും ഉറവിടം എവിടെ നിന്ന് എന്നറിയാത്ത വെള്ളം. ഹിമാചല്‍ പ്രദേശ് എന്ന് കേള്‍ക്കുമ്പോഴേ ഗംഗാജലത്തെ ഒര്‍ക്കുന്ന സാധാരണ മലയാളികളുടെ അജ്ഞതയും വിട്ടുവീഴ്ചാമനോഭാവവും മുതലെടുത്ത് ധാരാളം കുടിവെള്ളകമ്പനികള്‍ കേരളമണ്ണിലേക്ക് കാലെടുത്തുവെയ്ക്കുവാന്‍ തയ്യാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."