അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ അന്തരിച്ചു
മലപ്പുറം: പ്രമുഖ മതപണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍(60) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ മലപ്പുറം പട്ടര്‍ക്കടവിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് ട്രഷററായിരുന്നു.
പിതാവ് കെ.എം.എസ്.എ.അബ്ദുല്‍ ഖഹാര്‍ പൂക്കോയ തങ്ങളില്‍ നിന്ന് പ്രാഥമികപഠനം പൂര്‍ത്തിയാക്കിയ തങ്ങള്‍ വണ്ടൂര്‍ ജാമിഅ വഹബിയ്യയില്‍ നിന്നാണ് മതവിഷയത്തില്‍ വഹബി ബിരുദം നേടിയത്. തുടര്‍ന്ന് കൂരിയാട് വലിയപറമ്പില്‍ ഖഹാരിയ്യ ജുമാമസ്ജിദില്‍ മുദരിസും ഖാസിയുമായി ജോലിയില്‍ പ്രവേശിച്ചു. മരണം വരെ ഇവിടെ സേവനത്തില്‍ തുടര്‍ന്നു.
കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡന്റ്, എസ്.വൈ.എഫ് കേന്ദ്രസമിതി ചെയര്‍മാന്‍, മഞ്ചേരി പാപ്പിനിപ്പാറ ദാറുസുന്ന ഇസ്‌ലാമിക് കേന്ദ്രം പ്രസിഡന്റ്, വണ്ടൂര്‍ ജാമിഅ വഹബിയ്യ അറബിക് കോളജ് പ്രസിഡന്റ്, പാണ്ടിക്കാട് നൂറുല്‍ ബയാന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ്, ചെര്‍പ്പുളശ്ശേരി നൂര്‍മദീന അറബിക് കോളജ് പ്രസിഡന്റ്, നാദാപുരം ജാമിഅ ഫലാഹിയ്യ, അരൂര്‍ ദാറുല്‍ഖൈര്‍, കോതമംഗലം മിന്‍ഹാജുസുന്ന ഇസ്‌ലാമിക് സെന്റര്‍, തൂവള്ളൂര്‍ മജ്‌ലിസുന്നൂര്‍ എന്നീ സ്ഥാപനങ്ങളുടെ മേധാവികൂടിയായിരുന്നു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ അനന്തരവനാണ്. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ 10ന് പട്ടര്‍ക്കടവ് ജുമാമസ്ജിദിലും 11ന് വലിയപറമ്പ് ജുമാമസ്ജിദിലും നടക്കും. ഭാര്യ: സഫിയ ബീവി. സഹോദരങ്ങള്‍: അബ്ദുല്‍ ജലീല്‍ ശിഹാബ്തങ്ങള്‍(മലേഷ്യ), മുത്തുബീവി(തേഞ്ഞിപ്പലം), കുഞ്ഞിബീവി(പാണക്കാട്), പരേതയായ റുഖിയ ബീവി, മൈമൂന ബീവി(ചിറമംഗലം), ജുവൈരിയ്യ ബീവി(കടലുണ്ടി), റംല ബീവി(വളാഞ്ചേരി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."