ഫെഡറലിസം തകര്‍ക്കാന്‍ ധനകാര്യ കമ്മീഷനെ ആയുധമാക്കുന്നു
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനയിലുള്ള ദക്ഷിണ സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്ന അവഗണനക്കെതിരേ ഇന്നലെ ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ദക്ഷിണ സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന സമ്മേളനം അവസരോചിതവും ന്യായയുക്തവുമാണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ചിറ്റമ്മനയം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഇത്തരം സമ്മേളനങ്ങള്‍ ഉതകും. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നിലപാടുകള്‍ ജനാധിപത്യ ഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്.
സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്ന്കയറ്റം അംഗീകരിക്കാനാവില്ല. ധനകാര്യ കമ്മീഷന്റെ ധനവിനിയോഗ തീര്‍പ്പിന് 1971ലെ കാനേഷുമാരി കണക്കാണ് ഇതുവരെയും അവലംബിച്ചു പോന്നത്. 1977ലെ കുടുംബാസൂത്രണ നയത്തിന്റെ ഭാഗമായി കേരളം പോലുള്ള ദക്ഷിണ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കുറഞ്ഞിട്ടുണ്ട്. ഇതുപ്രകാരം കേന്ദ്ര ധനസഹായ വിഹിതത്തിന്റെ തോത് കുറയുന്നത് ഒഴിവാക്കാന്‍ ജനസംഖ്യാ നിയന്ത്രണ നടപടികള്‍ കൈകൊള്ളുന്ന സംസ്ഥാനങ്ങള്‍ക്ക് ഇന്റന്‍സീവ് ആയാണ് 1971ലെ കാനേഷുമാരി കണക്ക് പരിഗണിച്ചുപോരുന്നത്.
ഈ ഇന്റന്‍സീവ് എടുത്തുകളയുവാനാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ജനക്ഷേമകരമായ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് സംസ്ഥാനത്തിന് കിട്ടുന്ന പ്രഹരമായിപ്പോയി ഈ നടപടി. 2011ലെ ജനസംഖ്യാ കണക്കുകള്‍ ആധാരമാക്കുവാനാണ് 15-ാം കേരള ധനകാര്യ കമ്മീഷന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കേന്ദ്രസഹായത്തിലെ വിഹിതത്തില്‍ കുറവ് വരുത്തുന്നത് സാമൂഹ്യ സുരക്ഷാ പദ്ധതികളെ അപ്പാടെ തകിടം മറിക്കും. അതു തന്നെയായിരിക്കണം കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക. ജനക്ഷേമ പദ്ധതികള്‍ നിലക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരെ ജനരോഷം ഉയരുമെന്നും അതുവഴി ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാമെന്ന ദുഷ്ടലാക്കാണ് ഇത്തരം നീക്കത്തിനു പിന്നില്‍.
സംസ്ഥാനങ്ങളുടെ റവന്യൂ കമ്മി നികത്തുവാനാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നത്. സംസ്ഥാനത്തിന്റെ നിശ്ചിത വരുമാനത്തില്‍ കുറവ് വരികയും ചെലവ് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ റവന്യൂ കമ്മി നികത്താനുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റുകള്‍. ഇത് തുടരണോ എന്ന ചിന്ത ധനകാര്യ കമ്മീഷന്റെ പരിഗണനക്ക് വരുന്നത് തന്നെ പ്രതിഷേധാര്‍ഹമാണ്. ധനകമ്മി പരിഹരിക്കാനുള്ള കേന്ദ്ര വിഹിതം ചുരുങ്ങുമ്പോള്‍ സാധാരണക്കാരന് കിട്ടേണ്ട പല ആനുകൂല്യങ്ങളും തടയപ്പെടും. അത് വഴി സംസ്ഥാനത്ത് ക്രയവിക്രയം താളം തെറ്റും. സര്‍ക്കാരിന് വരുമാന നഷ്ടവും സാമ്പത്തിക മാന്ദ്യവും ഉണ്ടാകും. തൊഴിലില്ലായ്മ വര്‍ധിക്കും.
കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര ബുദ്ധിയോടെയുള്ള ഇത്തരം സമീപനങ്ങളാണ് രാജ്യത്ത് അരാജകത്വവും വിഘടനവാദവും സൃഷ്ടിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും വിഘടനവാദം സജീവമാണ്. വികസനമോ തൊഴിലോ ലഭിക്കാതെ വരുമ്പോള്‍ ജനം ക്ഷുഭിതരാവുക സ്വാഭാവികം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നത് പോലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയും വിഹിതം വെട്ടിക്കുറച്ച് അവഗണിക്കുകയാണെങ്കില്‍ അത് ക്ഷേമ പദ്ധതികളെയും വികസന പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കും.
ചര്‍ച്ചകളോ സംഭാഷണങ്ങളോ ഇല്ലാതെ കേന്ദ്രസര്‍ക്കാരിന് തന്നിഷ്ടം പ്രവര്‍ത്തിക്കാനുള്ളതല്ല ധനകാര്യ കമ്മീഷനുകള്‍. കമ്മീഷനെ മറയാക്കി ഫെഡറല്‍ സംവിധാനത്തെ തന്നെ തകര്‍ക്കുകയാണ് ഇത് വഴി ബി.ജെ.പി സര്‍ക്കാര്‍.
ബി.ജെ.പി എത്ര ശ്രമിച്ചിട്ടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേണ്ടത്ര വേരോട്ടം ഉണ്ടാക്കുവാന്‍ അവര്‍ക്കായിട്ടില്ല. സംസ്ഥാന ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തി അവിടങ്ങളില്‍ നുഴഞ്ഞുകയറി ഭരണ തലപ്പെത്തെത്തുന്ന തന്ത്രമാണിപ്പോള്‍ ബി.ജെ.പി പയറ്റുന്നത്. ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ ഇതിനായി തെരഞ്ഞെടുത്തത് തമിഴ്‌നാടിനെയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വവും ഈ വാരിക്കുഴിയില്‍ വീണിരിക്കുന്നു. അതിനാലാണ് ഇന്നലത്തെ യോഗത്തില്‍ ഒ. പനീര്‍ ശെല്‍വം പങ്കെടുക്കാതിരുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് വരാതെ തടസ്സപ്പെടുത്തുവാന്‍ കാവേരിയുടെ പേരില്‍ ലോക്‌സഭയില്‍ ദിവസങ്ങളോളം ബഹളം വച്ചതും ഇതിനാലായിരുന്നു.
കേരളം കേന്ദ്രത്തിന് നല്‍കുന്ന ഓരോ രൂപക്കും 27 പൈസ മാത്രമാണ് നികുതി വിഹിതമായി കേരളത്തിന് മടക്കിക്കിട്ടുന്നത്. എന്നാല്‍, ഉത്തര്‍പ്രദേശിനാകട്ടെ ഒരു രൂപക്ക് തിരികെ നല്‍കുന്നത് ഒരു രൂപയും 75 പൈസയുമാണ്. ഇത് പ്രകടമായ അനീതിയും ഭരണസംവിധാനത്തെ സ്വേഛാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചട്ടുകമാക്കുന്നതുമാണ്.
ഇത്തരം അനീതികള്‍ക്കെതിരേയും ഭരണഘടനാ വിരുദ്ധമായ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുമാണ് ഇന്നലെ ദക്ഷിണേന്ത്യന്‍ ധനകാര്യ മന്ത്രിമാരുടെ സമ്മേളനം ചേര്‍ന്നത്. ധനകാര്യ മന്ത്രിമാരെല്ലാം അതിരൂക്ഷമായാണ് കേന്ദ്രസര്‍ക്കാരിനെ യോഗത്തില്‍ വിമര്‍ശിച്ചത്. തന്നിഷ്ട പ്രകാരം ഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പൊതുസമൂഹത്തിന്റെ ശ്രദ്ധ കൊണ്ടുവരുവാന്‍ ഇത്തരം കൂടിച്ചേരലുകള്‍ക്ക് കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."