ഹമ്പിന് ഉയരക്കൂടുതല്‍; വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു
പൊന്നാനി: ദേശീയപാതയിലെ ആനപ്പടിയില്‍ സ്ഥാപിച്ച ഹമ്പ് അപകട ഭീഷണിയുയര്‍ത്തുന്നു. ഉയരമേറിയ ഹമ്പ് മൂലം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. പൊന്നാനി - ചാവക്കാട് ദേശീയപാതയില്‍ ദേശീയ പാത നവീകരണത്തിന്റെ ഭാഗമായാണ് ആനപ്പടി ജങ്ഷനില്‍ ഹമ്പുകള്‍ സ്ഥാപിച്ചത്.എന്നാല്‍ ഉയരവും, വീതിയുമേറിയ ഹമ്പ് ഈ ഭാഗത്ത് നിര്‍മ്മിച്ചതിനാല്‍ ദീര്‍ഘ ദൂര വാഹനങ്ങള്‍ ഹമ്പില്‍ ചാടി നിയന്ത്രണം നഷ്ടമാവുകയാണ്.
ഇരുചക്രവാഹന യാത്രികര്‍ക്കും ഹമ്പ് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. മുന്‍പ് ഹമ്പില്‍ തട്ടി തെറിച്ച വാഹനം റോഡരികിലെ വീടിന്റെ മതില് ഇടിച്ചു തകര്‍ത്തിരുന്നു. ഹമ്പുകള്‍ നിര്‍മ്മിക്കുമ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് വാഹനങ്ങള്‍ അപകടത്തില്പ്പെടാനിടവരുത്തുന്നത്. രാത്രികാലങ്ങളില്‍ വേഗതയില്‍ വരുന്ന വലിയ വാഹനങ്ങള്‍ ഹമ്പില്‍ ചാടുമ്പോള്‍ വന്‍ ശബ്ദമാണ് ഉണ്ടാകുന്നത്. ഇത് മൂലം ദേശീയ പാതയോരത്തെ വീട്ടുകാര്‍ക്ക് വീടിനുള്ളില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. അപകടങ്ങള്‍ കുറക്കാന്‍ ഹമ്പുകള്‍ വേണമെങ്കിലും ഹമ്പിന്റെ ഉയരം കുറക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."