മലപ്പുറത്ത് പുതിയ അലൈന്‍മെന്റ് സാധ്യത പരിശോധിക്കും: മന്ത്രി സുധാകരന്‍
തിരുവനന്തപുരം: മലപ്പുറത്ത് ദേശീയപാതയുടെ അലൈന്‍മെന്റ് പുനര്‍നിര്‍ണയിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2013ലെ അലൈന്‍മെന്റും ഇപ്പോഴുള്ള ഔദ്യോഗിക അലൈന്‍മെന്റും പരിശോധിച്ച് ഇവയില്‍ ഏതാണ് മെച്ചമെന്ന് പരിശോധിക്കാന്‍ ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ഏറ്റവും കുറച്ച് വീടുകളും വസ്തുവകകളും നഷ്ടപ്പെടുന്നതും സാമ്പത്തികഭാരം കുറവുള്ളതുമായ അലൈന്‍മെന്റ് ഏതാണെന്ന് പരിശോധിക്കണമെന്നാണ് ദേശീയപാതാ അതോറിറ്റിയോട് നിര്‍ദേശിച്ചത്. പ്രത്യേക കേസായി ഇക്കാര്യം പരിശോധിക്കണം. അലൈന്‍മെന്റ് മാറ്റുമെന്നോ മാറ്റില്ലെന്നോ ഇപ്പോള്‍ പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
നഷ്ടപരിഹാരം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കും. 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. സാമാന്യം നല്ല നഷ്ടപരിഹാരം ലഭ്യമാക്കും. ജില്ലാ കലക്ടറാണ് ഇത് നിശ്ചയിച്ചുകൊടുക്കുന്നത്. ദേശീയപാതാ അതോറിറ്റി ഇത് അംഗീകരിക്കണം. ഭൂമിയോ, വീടും ഭൂമിയും കൂടിയോ നഷ്ടപ്പെടുന്നവര്‍ക്ക് എന്ത് നഷ്ടപരിഹാരം ലഭിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ കലക്ടറെ ചുമതലപ്പെടുത്തി. അളന്നുതിട്ടപ്പെടുത്തിയ സ്ഥലങ്ങളിലെ ഭൂവുടമകളെ ഇക്കാര്യം ആദ്യം അറിയിക്കും.
അമ്പലങ്ങളും പള്ളികളും നഷ്ടപ്പെടാതിരിക്കാനാണ് പുതിയ അലൈന്‍മെന്റ് എന്ന് പറയുന്നുണ്ടെങ്കിലും അമ്പലവും പള്ളിയും പോകാതെയും അധികംവീടുകള്‍ പോകാതെയും പുനര്‍നിര്‍ണയിക്കാന്‍ കഴിയും എന്ന അഭിപ്രായം വന്നതുകൊണ്ടാണ് ഇക്കാര്യം പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടത്. സര്‍വേ നടത്തുന്നതിനര്‍ഥം സ്ഥലം എടുക്കുന്നുവെന്നല്ലെന്നും ഇക്കാര്യത്തില്‍ വാദപ്രതിവാദത്തിനില്ലെന്നും മന്ത്രി പറഞ്ഞു.
ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു. മികച്ച തുക തന്നെ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. നഷ്ടപരിഹാരത്തുക എത്രയെന്ന് ഉടന്‍ അറിയിക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സര്‍വേ നടപടികളുടെ കാര്യത്തില്‍ ഒട്ടനവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.എന്‍.എ ഖാദര്‍ എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍വകക്ഷിയോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, എം.എല്‍.എമാരായ പി.കെ.അബ്ദുറബ്ബ്, കെ.എന്‍.എ.ഖാദര്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുല്‍ഹമീദ്, സി. മമ്മൂട്ടി, ടി.വി.ഇബ്രാഹിം, ഒ.രാജഗോപാല്‍, സമസ്ത കേരള ജംഇത്തുല്‍ ഉലമാ പ്രതിനിധികളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ജില്ലാ കലക്ടര്‍ അമിത് മീണ, തദ്ദേശഭരണസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."