അറബ് ഉച്ചകോടി; ഉന്നത മന്ത്രിതല യോഗം റിയാദില്‍ തുടങ്ങി
ജിദ്ദ: 29ാമത് അറബ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ഉന്നതതല പ്രാരംഭ മന്ത്രിതല യോഗം റിയാദില്‍ തുടങ്ങി. അറബ് രാജ്യങ്ങളുടെ മന്ത്രിമാരും സെക്രട്ടറിമാരും സ്ഥിരം പ്രതിനിധികളുമടങ്ങുന്ന ജനറല്‍ സെക്രട്ടറിയേറ്റ് യോഗമാണ് നടന്നത്. ഈ മാസം 15ന് ദമാമിലെ ദഹ്‌റാനില്‍ വെച്ചാണ് ഉച്ചകോടി.
യോഗം സഊദി ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദാന്റെ അധ്യക്ഷതയിലായിരുന്നു. അറബ് രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹിക വികസന കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. 40 ശതമാനം ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച അറബ് ലീഗ് സെക്രട്ടറി ജനറല്‍ അബുല്‍ ഗൈത് അഭിപ്രായപ്പെട്ടു.
ജലം, ഊര്‍ജം, പരിസ്ഥിതി, ഭക്ഷ്യ മേഖലകളില്‍ വിവിധ അറബ് രാജ്യങ്ങളില്‍ വികസനം ശക്തിപ്പെടുത്തേണ്ടതുണ്ട്. സഊദിയുടെ വിഷന്‍ 2020, 2030 പദ്ധതികള്‍ രാജ്യത്ത് വലിയ തോതിലുള്ള ഗുണപരമായ മാറ്റത്തിന് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു. 22 അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ചയാണ് ദമ്മാമില്‍ അറബ് ഉച്ചകോടി നടക്കുക.
യമന്‍, സിറിയ, ഫലസ്തീന്‍ വിഷയങ്ങളാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടയിലുള്ളത്. ഇസ്രയേലിന് ഐക്യരാഷ്ട്രസഭയില്‍ സ്ഥിരം പ്രാതിനിധ്യം നല്‍കാനുള്ള നീക്കം എതിര്‍ക്കാനും ധാരണയായെന്നാണ് സൂചന. ഖത്തര്‍ പ്രതിസന്ധി തുടങ്ങിയ ശേഷമുള്ള ആദ്യ ഉച്ചകോടിയാണ് സഊദിയില്‍ നടക്കുന്നത്.
അതേ സമയം ഉച്ചകോടിയില്‍ ഇറാനും തുര്‍ക്കിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമെന്ന് അറബ് ലീഗ് വക്താവ് മുഹമ്മദ് അഫീഫി പറഞ്ഞു.
ഖത്തറിന് അറബ് ലീഗില്‍ പങ്കെടുക്കുന്നതിന് ക്ഷണമയച്ചതായി അദ്ദേഹം വ്യക്തമാക്കി. ലിബിയന്‍ വിഷയത്തില്‍ അറബ് ലീഗ് ഇടപെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."