യോഗിക്കെതിരേ വിയോജിപ്പുമായി ആര്‍.എസ്.എസും ബി.ജെ.പിയും
ലഖ്‌നൗ: ഉന്നാവോയില്‍ 18 കാരിയെ പീഡിപ്പിച്ച സംഭവം ഉള്‍പ്പെടെ വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം ശക്തമാകുന്നു. മന്ത്രിമാരില്‍ ചിലര്‍ യോഗിക്കെതിരേ പരസ്യമായ നിലപാട് സ്വീകരിച്ചതിനു പിന്നാലെ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളും തങ്ങള്‍ക്കുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യങ്ങള്‍ മറികടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവുമായി ആര്‍.എസ്.എസ് ആണ് പരസ്യ നിലപാടുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സംസ്ഥാന ബി.ജെ.പി നേതൃത്വവും തങ്ങളുടെ വിയോജിപ്പ് പ്രകടമാക്കിയത്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒന്നിച്ചുകൊണ്ടുപോകാന്‍ യോഗിക്ക് സാധിക്കുന്നില്ലെന്നാണ് ആര്‍.എസ്.എസിന്റെ ആരോപണം. സംഘ്പരിവാറും ബി.ജെ.പിയും മന്ത്രിസഭയിലെ പ്രമുഖരും തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ മുഖ്യമന്ത്രി യോഗിയോട് അമിത് ഷാ വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വിവരം. ഇതിനിടയില്‍ പ്രശ്‌ന പരിഹാരത്തിനായി സംഘ്പരിവാറിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ യു.പിയിലെത്തി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരുമായി ആര്‍.എസ.്എസ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൂടിയാലോചനകള്‍ ഇല്ലാതെ ഏകപക്ഷീയമായാണ് മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതെന്ന് ഉപമുഖ്യമന്ത്രിമാര്‍ ആരോപിച്ചു. കുറ്റവാളികളെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കുന്ന തീരുമാനം ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണെന്ന് കേശവ് പ്രസാദ് മൗര്യ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വവും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയിലാണ്. ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വിയുണ്ടായതിന്റെ പൂര്‍ണ ഉത്തരവാദിത്തം യോഗിക്ക് മാത്രമാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി ഏകപക്ഷീയമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രിക്കസേര ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉപമുഖ്യമന്ത്രി പദത്തിലേക്ക് താഴ്ത്തപ്പെട്ട കേശവ് പ്രസാദ് മൗര്യയാണ് യോഗിക്കെതിരായ കരുനീക്കത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."